ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ജി.സി.സി കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ നിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) സംഘടിപ്പിച്ച ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ പ്രൗഢമായി സമാപിച്ചു. ബഹ്റൈനിലെ ഇന്ത്യൻ എംബസിയിലെ കൗൺസിലർ രാജീവ് കുമാർ മിശ്ര (സി.ഡി.എ) മുഖ്യാതിഥിയായിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ എം.ആർ.അഭിലാഷ്, ക്വാളിറ്റി എജുക്കേഷൻ ഇന്റർനാഷനൽ സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ മാധുരി പ്രകാശ്, ദേവ്ജി ഗ്രൂപ്പിലെ മുതിർന്ന പ്രതിനിധികൾ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ബി.കെ.എസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയുടെയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ച് ഗ്രൂപ്പുകളിലായി ഒന്നരമാസക്കാലം നീണ്ടു നിന്ന കലോത്സവത്തിൽ ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹൻരാജ് ബാല തിലകമായും തിരഞ്ഞെടുക്കപ്പെട്ടു.
അയന സുജിത് (നാട്യരത്ന), അർജ്ജുൻരാജ് (സംഗീത രത്ന), പ്രിയംവദ.എൻ.എസ് (സാഹിത്യരത്ന), നേഹ ജഗദീഷ് (കലാരത്ന) എന്നിവർക്ക് പുറമെ നിഹാര മിലൻ, പുണ്യ ഷാജി, ഹന്ന ആൽവിൻ, പ്രിയംവദ എൻ.എസ് എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരുമായി.
കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ മാതൃകയിൽ ഒന്നര മാസത്തോളം നീണ്ടുനിന്ന കലോത്സവം, ജി.സി.സിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ പ്രതിഭകളെ പങ്കെടുപ്പിച്ചാണ് നടത്തിയത്. അഞ്ച് ഗ്രൂപ്പ് വിഭാഗങ്ങളിലായി നടന്ന മത്സരം സാംസ്കാരിക മികവിന്റെയും യുവജനങ്ങളുടെ സർഗാത്മകതയുടെയും ഒരു ഉജ്ജ്വല പ്രദർശനമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.