ബഹ്‌റൈനിൽ വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്

മനാമ: ബഹ്‌റൈനിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 2025-ൽ രാജ്യത്തെ ആകെ വൈദ്യുതി ഉപഭോഗം 19,391.6 ജിഗാവാട്ട് അവറാണ് (ജി.ഡബ്ല്യു.എച്ച്). തുടർച്ചയായി അഞ്ചാം വർഷമാണ് ഉപഭോഗത്തിൽ വർദ്ധനവുണ്ടാകുന്നത്. 2024-ലെ 19,009 ജിഗാവാട്ട് അവറിൽ നിന്നും രണ്ട് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപഭോഗത്തിൽ 18.7 ശതമാനത്തിന്റെ വർധനവുണ്ടായി. വ്യവസായ മേഖലയിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയത്. 2020-ൽ 2,174.8 ജിഗാവാട്ട് അവറായിരുന്നത് 2025-ഓടെ 65.7 ശതമാനം വർധിച്ച് 3,603.1 ആയി ഉയർന്നു. എങ്കിലും രാജ്യത്തെ ആകെ ഉപഭോഗത്തിൽ ഏറ്റവും വലിയ വിഹിതം ഗാർഹിക ആവശ്യങ്ങൾക്കാണ്; 48.4 ശതമാനം.

വാണിജ്യ സ്ഥാപനങ്ങൾ 32.8 ശതമാനവും വ്യവസായ മേഖല 18.6 ശതമാനവും കാർഷിക മേഖല 0.3 ശതമാനവും വൈദ്യുതി ഉപയോഗിച്ചു. 2008-ൽ 9,702 ജിഗാവാട്ട് അവറായിരുന്ന ഉപഭോഗം 2025 ആയപ്പോഴേക്കും ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. 2025-ൽ മാത്രം ഗാർഹിക ഉപഭോഗം 0.7 ശതമാനം വർധിച്ച് 9,384.1 ജിഗാവാട്ട് അവറിലും, വാണിജ്യ ഉപഭോഗം 2.3 ശതമാനം വർധിച്ച് 6,354 ലുമെത്തി.

വൈദ്യുതി ഉൽപ്പാദനത്തിലും റെക്കോർഡ് വർദ്ധനവുണ്ടായിട്ടുണ്ട്. ആകെ അറ്റ ഉൽപ്പാദനം 2.1 ശതമാനം വർധിച്ച് 20,298.5 ജിഗാവാട്ട് അവറിലെത്തി. അൽ ദുർ 2 പ്ലാന്റിലാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനം നടന്നത്. വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് പുതിയ സബ്‌സ്റ്റേഷനുകളും പവർ പ്ലാന്റുകളും സ്ഥാപിച്ചുവരികയാണ്.

സിത്രയിൽ 1,400 മുതൽ 1,500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി-കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തുവരുന്നുണ്ട്. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയായ 400 കെ.വി ജസ്ര സബ്‌സ്റ്റേഷൻ 2026-ന്റെ തുടക്കത്തിൽ പ്രവർത്തനം ആരംഭിച്ചു. 2035-ഓടെ ആകെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 20 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാക്കാനാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Bahrain records highest ever power consumption in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.