‘ഗാർഡൻ ഷോ 2025’ന്‍റെ ഉദ്ഘാടന ശേഷം പവലിയനുകൾ സന്ദർശിക്കുന്ന രാജകുമാരി സബീക ബിൻത് ഇബ്രാഹിം ആൽ ഖലീഫ
മനാമ: കാർഷിക മേഖലയിലെ വിസ്മയ കാഴ്ചകളൊരുക്കുന്ന ബഹ്റൈൻ ഇന്‍റർനാഷനൽ ‘ഗാർഡൻ ഷോ 2025’ന് തുടക്കം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഷോ രാജാവിന്റെ പത്നിയും നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ ഉപദേശക സമിതി ചെയർവുമനുമായ രാജകുമാരി സബീക ബിൻത് ഇബ്രാഹിം ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെ ഹാൾ നമ്പർ മൂന്നിൽ ഒരുക്കിയ കാർഷി വിഭവങ്ങളുടെ വിസ്മയം ഫെബ്രുവരി 23 വരെ തുടരും. പ്രദർശന മേള കാർഷിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാനവേദിയായി മാറിയതിലൂടെ അതിന്‍റെ രക്ഷാകർതൃത്വം വഹിക്കുന്ന ഹമദ് രാജാവിനെ സബീക രാജകുമാരി പ്രശംസിച്ചു. പൊതു ജനാരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമായ ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, കാർഷിക മേഖലയുടെ സംരക്ഷണം, അതിലെ വികസനം എന്നതിലുള്ള ബഹ്റൈന്‍റെ പ്രതിബദ്ധതയെ അവർ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള ബഹുപങ്കാളിത്വത്തിൽ അഭിമാനം പ്രകടിപ്പിച്ച സബീക രാജകുമാരി പ്രദർശനം രാജ്യത്തെ കാർഷിക മേഖലയിലെ പ്രധാന പരിപാടിയാണെന്നും സൂചിപ്പിച്ചു. ഉദ്ഘാടന ശേഷം മേളയിലൊരുക്കിയ പവലിയനുകൾ സന്ദർശിച്ച രാജകുമാരി പ്രദർശനത്തിലെയും സാങ്കേതികവിദ്യകളുടെയും ഗണ്യമായ പുരോഗതി വിലയിരുത്തി. രാജ്യത്തുടനീളമുണ്ടായ കാർഷികനേട്ടങ്ങളെ ഉദ്ഘാടന വേളയിൽ പങ്കെടുത്തവർ പ്രശംസിച്ചു. പരിപാടിയുടെ വിജയത്തിനും കാർഷിക അവബോധം വളർത്തുന്നതിലും മേളയെ പിന്തുണക്കുന്നവർക്കും ഭാഗവാക്കായവർക്കും രാജകുമാരി നന്ദി അറിയിച്ചു.
ഹോർട്ടികൾച്ചർ, കാർഷിക സാങ്കേതികവിദ്യകൾ, കാർഷിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള പ്രാദേശിക, ആഗോള വേദിയാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ, കർഷകർ, ഗവേഷകർ, വിദഗ്ധർ എന്നിവർ മേളയിൽ പങ്കാളികളായുണ്ട്. ബഹ്‌റൈൻ കർഷകർ പങ്കെടുക്കുന്ന പ്രത്യേക ദേശീയ പവലിയൻ പ്രദർശനത്തിലുണ്ട്. അവരുടെ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ബഹ്റൈൻ കർഷകരുടെ മികവിനെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനുള്ള വേദിയായി ഇത് മാറുമെന്നാണ് വിലയിരുത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 121 പ്രദർശകരാണ് മേളയിലെ പ്രധാന ആകർഷണം. ഇതിൽ 68 പ്രാദേശിക പ്രദർശകരും 19 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 53 അന്താരാഷ്ട്ര പ്രദർശകരും ഉൾപ്പെടും.
സൗദി അറേബ്യ, എമിറേറ്റ്‌സ്, ഒമാൻ തുടങ്ങിയ വിവിധ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ജോർഡൻ, സിറിയ, മൊറോക്കോ, തുനീഷ്യ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും ചൈന, ജപ്പാൻ, കിർഗിസ്താൻ, ഉസ്‌ബകിസ്താൻ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നും റഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും പ്രദർശകരെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.