മനാമ: നിർമാണമേഖലയിലെ പ്രതിസന്ധിക്ക് ആശ്വാസമായി കോൺക്രീറ്റ് മെറ്റീരിയലുകൾ ഇറക്കുമതി ചെയ്ത് ആംകോൺ റെഡിമിക്സ് കമ്പനി. ഒമാനിലെ ക്രഷറിൽനിന്ന് 30,000 ടൺ കോൺക്രീറ്റ് മെറ്റീരിയലാണ് കപ്പൽ മാർഗം കമ്പനി ബഹ്റൈനിലെത്തിച്ചത്. ബഹ്റൈൻ പോർട്ടുകൾക്ക് അനുയോജ്യമായ ബാർജുകളിലായിരുന്നു നേരത്തേ മെറ്റീരിയലുകൾ എത്തിച്ചിരുന്നത്. എന്നാൽ നിലവിൽ മിഡിലീസ്റ്റിൽ നേരിട്ടുകൊണ്ടിരിക്കുന്ന അനുയോജ്യമായ ബാർജുകളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് പ്രധാനകാരണമായത്. ഈ സാഹചര്യത്തിൽ കപ്പൽ മാർഗത്തിലൂടെയാണ് മെറ്റീരിയലുകൾ കമ്പനി ഇറക്കുമതി ചെയ്തത്.
പ്രധാനമന്ത്രിയുടെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും പിന്തുണ ഇറക്കുമതി വേഗത്തിലാക്കാൻ കാരണമായി. കൂടാതെ ട്രാൻസ്പോർട്ടേഷൻ മന്ത്രാലയം, ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവർ നടപടികൾ വേഗത്തിലാക്കാനും അനുമതികൾ ലഭിക്കാനും മികച്ച സഹകരണമാണ് നൽകിയത്. വലിയ കപ്പലുകൾ ഉൾക്കൊള്ളാനുള്ള ശേഷി ബഹ്റൈനിലെ തീരങ്ങൾക്കില്ലാത്തതിനാൽ അസ്രിയിലെ കപ്പൽ റിപ്പയറിങ് യാർഡിലെത്തിച്ചാണ് മെറ്റീരിയലുകൾ ഇറക്കിത്. അസ്രി പോർട്ട് മാനേജ്മെന്റിന്റെ സഹകരണവും തടസ്സങ്ങളില്ലാതെ ഇറക്കാൻ സഹായകമായി. വരും ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം മെറ്റീരിയലുകൾ സമാന രീതിയിൽ രാജ്യത്തെത്തിക്കുമെന്ന് കമ്പനി സീനിയർ എക്സിക്യൂട്ടിവ് മുഹമ്മദ് ഹസൻ അബ്ദുല്ല സബാ അൽബിനൈൽ പറഞ്ഞു. ഇത് രാജ്യത്ത് നിലനിൽക്കുന്ന നിർമാണമേഖലയിലെ പ്രതിസന്ധിക്ക് ചെറിയ രീതിയിലെങ്കിലും ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊമേഴ്സ്യൽ മാനേജർ പി.കെ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങളും കാര്യങ്ങളിൽ ഗൗരവമായി തന്നെയുണ്ടായിരുന്നു. കോൺക്രീറ്റ് മെറ്റീരിയലുകളുടെ അഭാവം മൂലം ബഹ്റൈനിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി കനത്ത പ്രതിസന്ധി നിലനിന്നിരുന്നു. മെറ്റീരിയലുകളുടെ കുറവ് മൂലമുണ്ടായ വിലക്കൂടുതലും നിർമാണമേഖലക്ക് കനത്ത പ്രഹരമായിരുന്നു ഉണ്ടാക്കിയിരുന്നത്. മെറ്റീരിയലുകളുടെ ഇറക്കുമതി വീണ്ടും പഴയപോലെയായാൽ വിലക്കുറവിന് കാരണമാകുമെന്നും മറ്റ് പ്രതിസന്ധികൾക്ക് ഒരു പരിഹാരമാകുമെന്നുമാണ് വിലയിരുത്തുന്നത്. ബഹ്റൈനിലെ റെഡിമിക്സ് മേഖലയിൽ കഴിഞ്ഞ 40 വർഷത്തെ സേവനപാരമ്പര്യമുള്ള കമ്പനിയാണ് ആംകോൺ. കോൺക്രീറ്റ് കട്ടകൾ, ബ്ലോക്കുകൾ, ഇന്റർലോക്കുകൾ, റെഡിമിക്സ്, ടൈൽസ് തുടങ്ങി കെട്ടിട നിർമാണത്തിനാവശ്യമായ എല്ലാവിധ കോൺക്രീറ്റ് ഉൽപന്നങ്ങളും കമ്പനി നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.