പെരുന്നാൾ നമസ്കാരത്തിനായി ബഹ്റൈൻ ഗ്രാൻഡ് മസ്ജിദിൽ ഒരുമിച്ചു കൂടിയ വിശ്വാസികൾ. പള്ളിയുടെ അകം നിറഞ്ഞതിനാൽ പുറത്ത് മുറ്റത്ത് നിന്നായിരുന്നു ആയിരക്കണക്കിന് പേർ നമസ്കരിച്ചത്
മനാമ: ആത്മവിശുദ്ധിയുടെ മാസവും കടന്ന് സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും പെരുന്നാളും ആഘോഷിച്ച് ബഹ്റൈൻ. ചെറുതെങ്കിലും മേഖലയിൽ തുടരുന്ന അശാന്തമായ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങളോടെയാണ് ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ ആഘോഷിച്ചത്. ഈദ്ഗാഹുകൾ ഒഴിവാക്കാനുള്ള നിർദേശവും പൊതുഇടങ്ങളിൽ കൂട്ടം കൂടി നിൽക്കരുതെന്ന മുന്നറിയിപ്പും പൊതുപരിപാടികൾ റദ്ദാക്കിയതും പരിഗണനയോടെ തന്നെയാണ് പ്രവാസികളടക്കമുള്ള രാജ്യത്തെ താമസക്കാർ സ്വീകരിച്ചത്.
ബഹ്റൈൻ ഗ്രാൻഡ് മസ്ജിദിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നവർ
ചിത്രം സത്യൻ പേരാമ്പ്ര
മനസ്സിനും ശരീരത്തിനും അതിലുപരി അന്തരീക്ഷവും തണുപ്പിച്ചൊരു ചെറു മഴയോടെയാണ് പെരുന്നാൾ പകൾ ഉണർന്നത്. രാവിലെ ആറു മണിക്ക് തുടങ്ങിയ നിസ്കാരത്തിന് പള്ളികളിൽ മാത്രമായിരുന്നു അനുവാദം. നിറഞ്ഞു കവിഞ്ഞ പള്ളികളിൽ മഴ ഒരു ആശങ്കയായിരുന്നുവെങ്കിലും നിസ്കാരത്തിന് മുമ്പെ മഴ നിന്നത് വലിയൊരാശ്വാസമാവുകയായിരുന്നു. രാവിലെ 5.30 ഓടെ തന്നെ അൽ ഫതേഹ് ഗ്രാൻഡ് മസിജിദും പരിസരവും വിശ്വാസികളാൽ നിറഞ്ഞിരുന്നു. ഏകദേശം 8000ത്തിലധികം പേരാണ് അവിടെ മാത്രം നിസ്കാരത്തിനായെത്തിയത്. രാജ്യത്തെ മറ്റു പള്ളികളിലും സമാന സാഹചര്യമായിരുന്നു. എങ്കിലും പരസ്പരാലിംഗനവും സൗഹൃദ സംഭാഷണങ്ങളും സ്നേഹം പുതുക്കലുമായി പെരുന്നാളിനെ അതിന്‍റെ പെരുമയോടെ തന്നെ വിശ്വാസികൾ കൊണ്ടാടി.
ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ പട്രോളിംഗും കമ്മ്യൂണിറ്റി പോലീസും രാജ്യത്തുടനീളം വിന്യസിച്ചിരുന്നു.
രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും വേണ്ടി നന്ദി പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പള്ളികളിലെ ഖത്തീബുമാർ പ്രസംഗിച്ചത്. ദേശീയ ഐക്യവും ഭരണനേതൃത്വത്തോടുള്ള ഐക്യദാർഢ്യവും രാജ്യത്തിന്‍റെ കരുത്ത് വർധിപ്പിക്കുമെന്ന് അവർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.