മനാമ: പലിശലോബിയുടെ ക്രൂരമായ മർദനത്തിനും അധിക്ഷേപത്തിനും ഇരയായ പ്രവാസി മലയാളിക്ക് ഇപ്പോഴും ഭീതി വിെട്ടാഴിയുന്നില്ല. കൈകൂപ്പി യാചിച്ചിട്ടും അവർ തന്നെ വെറുതെ വിട്ടില്ലെന്നും അവർ ഇനിയും ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും 43 കാരനായ ഇര ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മണിക്കൂറുകളോളമാണ് എട്ടുപേരടങ്ങുന്ന സംഘം തന്നെ പീഡിപ്പിച്ചത്. ആത്മാഭിമാനമുള്ള ഒരാൾക്കും ഒാർക്കാൻ പോലും കഴിയാത്ത ദുരനുഭവങ്ങളാണ് തനിക്കുണ്ടായത്. കഴുത്തിന് കുത്തിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും നെഞ്ചിൽ തുരുതുരെ ഇടിക്കുകയും ചെയ്തു.
അവരുടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ പോലും തെൻറ അവസ്ഥ കണ്ട് സംഘാംഗങ്ങളെ വിലക്കിയിട്ടും അവർ വകവച്ചില്ല. മുറി പൂട്ടി മർദനം തുടർന്നശേഷം, പലിശസംഘം ആവശ്യപ്പെട്ടത് തങ്ങൾ നൽകുന്ന കടലാസുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ട് നൽകിയാൽ വെറുതെ വിടാമെന്നായിരുന്നു. ജീവൻപോലും അപകടത്തിലാണെന്ന് മനസിലായേപ്പാൾ അവർ പറഞ്ഞപോലെ എല്ലാം ചെയ്തു. 500 ദിനാർ പലിശക്ക് വാങ്ങിയശേഷം പലിശ ഇനത്തിൽ മാത്രം 840 ദിനാർ നൽകിയിട്ടും വീണ്ടും പലിശയും മുതലും വേണമെന്ന് ആവശ്യപ്പെട്ട് മാനസിക പീഡനം നടത്തിയതിനെ തുടർന്നാണ് പലിശ വിരുദ്ധ സമിതിക്ക് പരാതി നൽകേണ്ടി വന്നതെന്നും ഇര പറഞ്ഞു. തുടർന്ന് പരാതി അന്വേഷിക്കാൻ പലിശ വിരുദ്ധ സമിതി നേതാക്കൾ തന്നെയുംകൂട്ടി എത്തിയപ്പോഴാണ് സംഘം തന്ത്രത്തിൽ തങ്ങളെ ബന്ദികളാക്കിയത്.
മണിക്കൂറുകൾക്ക് ശേഷം സാമൂഹിക പ്രവർത്തകരെ മോചിപ്പിച്ചെങ്കിലും തന്നെ മോചിപ്പിക്കാതെ ക്രൂരമായ ആക്രമണമായിരുന്നു നടത്തിയത്.
ഒടുവിൽ സംഘം പറഞ്ഞപ്രകാരം രേഖകളിൽ ഒപ്പിട്ടുകൊടുത്തിട്ടും ഫോൺ ബലമായി പിടിച്ചുവാങ്ങുകയും സിം കാർഡ് മാത്രം തിരികെ തരുകയും ചെയ്തതായി ഇര വെളിപ്പെടുത്തി. ഇപ്പോഴും താൻ ആക്രമണ ഭീഷണി നേരിടുകയാണെന്നും പ്രതികൾ എന്തുംചെയ്യാൻ മടിക്കാത്തവരാണെന്നും യുവാവ് പറയുന്നു. കഴിഞ്ഞ ദിവസം തെൻറ ഫ്ലാറ്റിനടുത്തായി ഏറെനേരം ഒരു അഞ്ജാത വാഹനം ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പലിശസംഘാംഗങ്ങളുടെതാണ് ഇൗ വാഹനമെന്ന് സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.