തടവുകാരെ കൈമാറാൻ ബഹ്‌റൈനും പാകിസ്താനും തമ്മിൽ ധാരണ; പുതിയ നിയമം പാർലമെന്റ് ചർച്ച ചെയ്യും

മനാമ: ബഹ്‌റൈനിലും പാകിസ്താനിലുമുള്ള തടവുകാർക്ക് ശിക്ഷ കാലാവധി സ്വന്തം രാജ്യങ്ങളിൽ പൂർത്തിയാക്കാൻ അവസരമൊരുങ്ങുന്നു. ശിക്ഷിക്കപ്പെട്ടവരെ കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന് ഔദ്യോഗിക രൂപം നൽകുന്ന പുതിയ നിയമം അടുത്ത പാർലമെന്റ് സമ്മേളനം ചർച്ച ചെയ്യും. രാജകീയ ഉത്തരവ് പ്രകാരം സമർപ്പിക്കപ്പെട്ട ഈ നിർദ്ദേശത്തിന് പാർലമെന്റിലെ വിദേശകാര്യ- പ്രതിരോധ- ദേശീയ സുരക്ഷ സമിതി ഇതിനോടകം അംഗീകാരം നൽകിക്കഴിഞ്ഞു.

തടവുകാർക്ക് സ്വന്തം കുടുംബങ്ങളുമായി അടുത്ത് കഴിയാൻ അവസരം നൽകുന്നതിലൂടെ അവരുടെ പുനരധിവാസവും സാമൂഹികമായ തിരിച്ചുവരവും എളുപ്പമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചും മറ്റ് രാജ്യങ്ങളുമായി ബഹ്‌റൈൻ നേരത്തെ ഒപ്പുവെച്ച സമാന കരാറുകൾ പിൻപറ്റിയുമാണ് ഈ പദ്ധതിയെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി.

കരാർ പ്രകാരം തടവുകാരെ കൈമാറുന്നതിന് ഇരുരാജ്യങ്ങളുടെയും സമ്മതത്തോടൊപ്പം തടവുപുള്ളിയുടെ താൽപര്യവും നിർബന്ധമാണ്. കോടതിയുടെ അന്തിമ വിധി വന്ന കേസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. തടവുകാരെ കൊണ്ടുപോകുന്നതിനുള്ള ഭൂരിഭാഗം ചെലവുകളും അവരെ സ്വീകരിക്കുന്ന രാജ്യം വഹിക്കണം.

ബഹ്‌റൈൻ ഭരണഘടനക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും അനുസൃതമായ നീക്കമാണിതെന്ന് ദേശീയ മനുഷ്യാവകാശ സ്ഥാപനവും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിയമം നിലവിൽ വരുന്നത് ബഹ്‌റൈനിലെ പാകിസ്താൻ പൗരന്മാരായ തടവുകാർക്കും പാകിസ്താനിലെ ബഹ്‌റൈൻ തടവുകാർക്കും വലിയ ആശ്വാസമാകും.

Tags:    
News Summary - Bahrain and Pakistan reach agreement on prisoner exchange; Parliament to discuss the new law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.