സെമിയിൽ ബഹ്റൈൻ കുവൈത്ത് മത്സരത്തിനിടെ
മനാമ: പത്താമത് അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിലെ ആവേശകരമായ സെമി പോരാട്ടത്തിൽ ആതിഥേയരായ കുവൈത്തിനെ നിലംപരിശാക്കി ഫൈനൽ ടിക്കറ്റെടുത്ത് ബഹ്റൈൻ. 24നെതിരെ 29 പോയന്റെടുത്ത് ആധികാരിക വിജയമാണ് ടീം സ്വന്തമാക്കിയത്. കളിയിലുടനീളം ബഹ്റൈന്റെ ആധിപത്യമായിരുന്നു. ആദ്യ പകുതിയിൽ എട്ട് പോയന്റിന്റെ ലീഡോടെ തുടർന്ന മത്സരത്തിൽ കൈവിടാനൊരുക്കമല്ലാത്ത ആത്മവീര്യത്തോടെ പോരാടുകയായിരുന്നു.
കുവൈത്തിലെ ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ നടന്ന സെമി ഫൈനലിൽ കാണികളുടെ വലിയ പിന്തുണ ഉണ്ടായിട്ടും കുവൈത്തിന് വലിയ മുന്നേറ്റം കാഴ്ചവെക്കാനായില്ല. എന്നാൽ, ചില വെല്ലുവിളികളുയർത്താൻ കുവൈത്ത് ടീം ശ്രമിച്ചെങ്കിലും ബഹ്റൈൻ വിഫലമാക്കുകയായിരുന്നു.
ബഹ്റൈൻ താരം മുഹമ്മദ് ഹബീബിന്റെ മിന്നും പ്രകടനമാണ് ടീമിന് കരുത്തായത്. കളിയിലെ താരമായും ഹബീബിനെ തിരഞ്ഞെടുത്തു. ഈജിപ്തിനെതിരെ കൃത്യമായ ലീഡോടെയാണ് ഖത്തർ ഫൈനലിലേക്ക് കുതിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 13-8 എന്ന നിലയിലും രണ്ടാം പകുതിയിൽ 25-19 എന്ന ഖത്തർ മൽസരം കൈപ്പിടിയിലൊതുക്കി. മൂന്നാം സ്ഥാനത്തിനായുള്ള മൽസരത്തിൽ കുവൈത്ത് ഈജിപ്തുമായി ഏറ്റുമുട്ടും.
ഈ മാസം അഞ്ചിന് കുവൈത്തിൽ ആരംഭിച്ച അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നീ ഒമ്പത് രാജ്യങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.