മനാമ: ബി.ഡി.എഫ് രാജ്യത്തിന് കരുത്തും സുരക്ഷയും നൽകിയതായി മന്ത്രിസഭ യോഗം വിലയിരുത്തി. സന്നദ്ധതയുടെയും നവീകരണത്തിന്റെയും പാതയിലൂടെ മുന്നോട്ടുകുതിക്കുന്നതിൽ അഭൂതപൂർവമായ മികവാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബി.ഡി.എഫിന്റെ രൂപവത്കരണത്തിന്റെ 55 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് കഴിഞ്ഞ കാലങ്ങളിലുണ്ടാക്കിയ നേട്ടങ്ങളെ കാബിനറ്റ് വിലയിരുത്തിയത്.
മികച്ച ചികിത്സ ഒരുക്കുന്നതിന് ബി.ഡി.എഫ് ഹോസ്പിറ്റൽ വഹിച്ച പങ്കിനെക്കുറിച്ചും എടുത്തുപറഞ്ഞു. ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും അതുവഴി ജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും നേതൃത്വം നൽകാൻ സൈനികാശുപത്രിക്കായിട്ടുണ്ടെന്നും വിലയിരുത്തി. ഭൂകമ്പം മൂലം പ്രയാസമനുഭവിക്കുന്ന സിറിയ, തുർക്കിയ എന്നീ രാജ്യങ്ങൾക്ക് മന്ത്രിസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജീവൻ പൊലിഞ്ഞവർക്കായി അനുശോചനം നേരുകയും പരിക്കേറ്റവർക്ക് ദ്രുതശമനം ആശംസിക്കുകയും ചെയ്തു. ഭൂകമ്പം മൂലമുണ്ടായ പ്രയാസങ്ങൾ തരണം ചെയ്യാൻ ഇരുരാജ്യങ്ങൾക്കും സാധ്യമാകട്ടെയെന്നും ആശംസിച്ചു.
അൽഫാതിഹ് ഹൈവേ നവീകരണ പദ്ധതിയുടെ പുരോഗതി കാബിനറ്റ് ചർച്ച ചെയ്തു. രാജ്യത്തെ വിവിധ മേഖലകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാത നവീകരണ പദ്ധതികൾ എല്ലാ മേഖലയിലും വികസനവും വളർച്ചയും ഉറപ്പാക്കുമെന്നും വിലയിരുത്തി. 22ാമത് ദേശീയ റഫറണ്ടം ആഘോഷ പരിപാടികളെക്കുറിച്ചും ചർച്ച നടന്നു. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളുടെ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.