മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ 35 തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് പൂർണമായും നിരോധിക്കണമെന്ന നിർദേശവുമായി എം.പിമാർ. സ്വദേശി വത്കരണത്തെ പ്രോത്സാഹിപ്പിക്കണമെന്നും ബഹ്റൈനികളുടെ മിനിമം വേതനം വർധിപ്പിക്കാനും നിർദേശത്തിൽ എം.പിമാർ സൂചിപ്പിച്ചു.
വിദ്യാഭ്യാസം, എൻജിനീയറിങ്, അക്കൗണ്ടിങ്, മാർക്കറ്റിങ്, മാധ്യമങ്ങൾ, പബ്ലിക് റിലേഷൻസ്, മാനവ വിഭവശേഷി, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കറൻസി എക്സ്ചേഞ്ച്, ഏവിയേഷൻ, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, ഫോറൻസിക്സ്, നിയമം, ഭൂമിശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങൾ, സാഹിത്യവും ഭാഷകളും എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ജോലികളാണ് സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യണമെന്ന ആവശ്യം എം.പിമാർ ഉന്നയിച്ചത്.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗങ്ങൾ മുന്നോട്ടുവെച്ച ഈ നിർദേശം പാർലമെന്റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം സേവന സമിതി അവലോകനത്തിനായി അയച്ചു. അവരുടെ പിന്തുണ ലഭിച്ചാൽ പാർലമെന്റ് നിർദേശം പാസാക്കും. പിന്നീടുള്ള തുടർ അനുമതികൾക്കായി വിഷയം ശൂറ കൗൺസിലിലേക്ക് അയക്കും.
ഞങ്ങളുടെ നിർദേശത്തിലുള്ള തൊഴിൽ സ്ഥാപനങ്ങളിൽ നിലവിൽ പ്രവാസികളാണ് അധികവും ജോലി ചെയ്യുന്നത്, ബഹ്റൈനിൽ ഏകദേശം 30 മണിഎക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. അവ പൂർണമായും സ്വദേശി വത്കരിച്ചാൽ 3000 പേർക്ക് ജോലി എളുപ്പത്തിൽ ലഭ്യമാക്കാനാകുമെന്നും പാർലമെന്റ് സാമ്പത്തിക കാര്യ ചെയർമാൻ അഹ്മദ് അൽ സല്ലൂം പറഞ്ഞു. സമർപ്പിച്ച മറ്റു സ്വകാര്യ മേഖലകളിലെയും സ്ഥിതി സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും മുഴുവൻ മേഖലകളിലും പ്രവാസികൾക്ക് വിലക്കേർപ്പെടുത്തുന്നത് സാധ്യമായിരിക്കില്ല എന്നും ചിലയിടങ്ങളിൽ ബഹ്റൈനികളെ മാത്രം നിയമിക്കുന്നത് ആവശ്യങ്ങൾ പൂർണമായും നടപ്പാക്കുന്നതിനെ ബാധിക്കാനിടയുണ്ടെന്നും അൽ സല്ലൂം അഭിപ്രായപ്പെട്ടു. നിക്ഷേപകരെ ആകർഷിക്കുന്ന ഒരു ബിസിനസ് സൗഹൃദ രാജ്യമായി ബഹ്റൈൻ തുടരുന്നുവെങ്കിലും പ്രവാസികളേക്കാൾ സ്വന്തം രാജ്യത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യാൻ യോഗ്യതയുള്ള സ്വദേശികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഏകദേശം 15,000 സ്വദേശി തൊഴിൽരഹിതരുണ്ട്.
നിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഒരു വർഷംകൊണ്ട് ഈ 35 സ്ഥാപനങ്ങളിലായി അവരെ നിയമിക്കാനാകും, 10 വർഷത്തിനുള്ളിൽ ഈ മേഖലകളിൽ പൂർണമായും സ്വദേശിവത്കരണം നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനികളെ മാത്രം നിയമിക്കുന്നതിലൂടെ ആവശ്യങ്ങൾ പൂർണമായി നടപ്പാക്കില്ല എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ചില മേഖലകളെ ഈ നിർദേശത്തിൽനിന്ന് ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കാമെന്ന് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.