തെരുവുകളില്‍ ജീവിതം മൂര്‍ച്ചകൂട്ടി മുഹമ്മദ് ശരീഫ്

മനാമ: പ്രവാസഭൂമിയില്‍ അധികമാരും തെരഞ്ഞെടുക്കാത്ത ജോലിയാണ് ആന്ധ്രയിലെ വിജയവാഡ സ്വദേശി മുഹമ്മദ് ശരീഫിന്‍േറത്. പണിയായുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്ന ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയായ മുഹമ്മദ് ശരീഫ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് ഇവിടെയത്തെുന്നത്. 14 വയസില്‍ തുടങ്ങിയതാണ് അധ്വാനം. കൗമാരം വിടും മുമ്പ്, നാട്ടിലെ കഷ്ടപ്പാടുമൂലം കേരളത്തിലേക്ക് പോയി. അവിടെ നിന്നാണ് ചാണ വെച്ച് പണിയായുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്ന ജോലിയില്‍ വൈദഗ്ധ്യം നേടിയത്. എറണാകുളത്തും കോട്ടയത്തും തൃശൂരുമെല്ലാമായി 12 വര്‍ഷം ജോലി ചെയ്തു. പിന്നെ കര്‍ണാടകയില്‍. അതിനുശേഷം ഭാഗ്യമന്വേഷിച്ച് കടല്‍ കടക്കുകയായിരുന്നു.

കാലത്തുതന്നെ മുഹമ്മദ് ശരീഫ് ജോലി തുടങ്ങും. തുണിക്കടകള്‍, റെസ്റ്റോറന്‍റുകള്‍, ബാര്‍ബര്‍ ഷോപ്പ്, കോള്‍ഡ് സ്റ്റോറുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാന ഇടപാടുകാരുള്ളത്. ഓരോ ദിവസം ബഹ്റൈന്‍െറ ഓരോ പ്രദേശങ്ങളിലേക്കാണ് പോകുക.പലയിടത്തും സ്ഥിരം കടക്കാരുണ്ട്. അവര്‍ കാലങ്ങളായി മുഹമ്മദ് ശരീഫിനെ അറിയുന്നവരാണ്. അവരുടെ ഓര്‍ഡറുകള്‍ മുടങ്ങാറില്ല. ഒരു ദിവസം ആറ് ദിനാര്‍ വരെയാണ് കിട്ടാറുള്ളതെന്ന് മുഹമ്മദ് ശരീഫ് പറഞ്ഞു. അത്രയും മതി. കൂടുതല്‍ ആഗ്രഹങ്ങളൊന്നുമില്ല. അടുത്ത വര്‍ഷത്തോടെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങണം. നാട്ടുകാരും ബന്ധുക്കളുമൊത്ത് ശിഷ്ടകാലം ജീവിക്കണം. -മുഹമ്മദ് ശരീഫ് പറഞ്ഞു.നാട്ടില്‍ ഭാര്യയും നാലു കുട്ടികളുമുണ്ട്.
പലനാടുകളില്‍ ജീവിച്ച മുഹമ്മദ് ശരീഫിന് മലയാളം ഉള്‍പ്പെടെ അര ഡസനോളം ഭാഷകള്‍ വഴങ്ങും. അതാണ് തന്‍െറ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.