മനാമ: ‘ബഹ്റൈന്‍ ബെയില്‍’ സജ്ജമാക്കിയ താല്‍ക്കാലിക ഗാലറിയില്‍ നടന്ന ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ലോകകലാ ഭൂപടത്തിലേക്ക് തുറന്ന ജാലകമായി. സമകാലിക ചിത്രകലാ ലോകത്തെ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തിയ നിരവധി സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇതില്‍ നൂറു കണക്കിന് ചിത്രങ്ങള്‍ പ്രദശിപ്പിക്കപ്പെട്ടു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ അധ്യക്ഷയുമായ പ്രിന്‍സസ് സബീക ബിന്ദ് ഇബ്രാഹിം ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. ഹമദ് രാജാവിന്‍െറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ച പ്രദര്‍ശനത്തില്‍ 18രാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ സജ്ജീകരിച്ചിരുന്നു. പ്രശസ്തരായ 200ഓളം കലാകാരന്‍മാരാണ് ഇതില്‍ പങ്കെടുത്തത്.
സച്ച ജാഫ്രിയുടെ വിവിധ കാലത്തെ ചിത്രങ്ങള്‍ ആദ്യമായി ഒരുമിച്ച് ഒരിടത്ത് പ്രദര്‍ശിപ്പിച്ച വേദിയായും ‘ആര്‍ട്ട് ബഹ്റൈന്‍ എക്സ്പോ’ മാറി. സൗദി അറേബ്യ, ഫ്രാന്‍സ്, ആസ്ട്രിയ, യു.കെ, യു.എ.ഇ, ഫലസ്തീന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ഗാലറികളുടെയും കലാകാരന്‍മാരുടെ സാന്നിധ്യം പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.
ബഹ്റൈനില്‍ നിന്നുള്ള കലാകാരനായ ഫുആദ് അലി ആല്‍ബിന്‍ഫലയുടെ ശില്‍പങ്ങള്‍ സങ്കീര്‍ണമായ കാലത്തിന്‍െറ അടയാളപ്പെടുത്തലുകളാണ്. മരത്തിലും മാര്‍ബിളിലും ഒരുക്കിയ ശില്‍പങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്ന് അഴിച്ചെടുക്കാന്‍ സാധിക്കാത്ത വിധം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നവയാണ്.
മനുഷ്യരാശി ഒന്നാണെന്നും വ്യത്യസ്തതകള്‍ അതിന്‍െറ ഏകത്വത്തിന്‍െറ പ്രകാശനം മാത്രമാണെന്നുമുള്ള തിരിച്ചറിവാണ് ഈ ഘടനയുടെ പിന്നിലെ ആശയമെന്ന് ഫുആദ് പറഞ്ഞു. ദമസ്കസില്‍ ജനിച്ച് ഇപ്പോള്‍ ദുബൈയില്‍ താമസിക്കുന്ന നാസര്‍ വരൂറിന്‍െറ ‘ചുഴി’ പരമ്പരയിലുള്ള ചിത്രങ്ങള്‍ സംഘര്‍ഷത്തിന്‍െറ ഒടുങ്ങാത്ത കയറ്റിറക്കങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യനെക്കുറിച്ചുള്ള ആധികളാണ്. കറുപ്പിലും വെളുപ്പിലുമായി തീര്‍ത്ത വലിയ ക്യാന്‍വാസില്‍ അദ്ദേഹത്തിന്‍െറ സ്വന്തം നാടിന്‍െറ സമകാലിക സമസ്യകളുടെ പ്രതിഫലനം കാണാം.
മലയാളിയായ ബിനോയ് വര്‍ഗീസിന്‍െറ ഡിജിറ്റല്‍ പ്രിന്‍റുകള്‍ എന്ന് തോന്നിക്കുന്ന ക്യാന്‍വാസുകള്‍ പ്രദര്‍ശനത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. അമൂര്‍ത്ത ശൈലികളില്‍ താല്‍പര്യമില്ലാത്ത കലാകാരനാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനോയ്. പൂക്കളും, ഇലകളും, മനുഷ്യരും നിറഞ്ഞ കടുംവര്‍ണങ്ങളില്‍ ഒരുക്കിയ ക്യാന്‍വാസുകളാണ് അദ്ദേഹത്തിന്‍േറത്. ഇന്ത്യയില്‍ നിന്നുള്ള ജയ്ദീപ് മെഹ്റോത്ര, സുജാത ബജാജ് എന്നിവരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. സുജാത ഇപ്പോള്‍ ഫ്രാന്‍സിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്.
ലെബനാനില്‍ നിന്നുള്ള വാജി നഹ്ല, ഇന്ത്യയില്‍ നിന്നുള്ള ഭീം സിങ്, ബഹ്റൈനിലെ ലത്തീഫ ആല്‍ ഖലീഫ, ഒമാനിലെ രാധിക ഹംല, ഇറ്റലിയിലെ യുഗോ നെസ്പോളോ, ബഹ്റൈന്‍ ആര്‍ടിസ്റ്റ് ഫായിക ആല്‍ ഹസന്‍, യു.കയില്‍ നിന്നുള്ള ക്രിസ്റ്റീന ആലിസണ്‍ തുടങ്ങിയവരുടെ വര്‍ക്കുകള്‍ ശ്രദ്ധേയമാണ്. ചില ഫലസ്തീന്‍ കലാകാരന്‍മാരുടെ രാഷ്ട്രീയ പ്രമേയമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റിക്കു പുറമെ, ഇവിടെ നിന്നുള്ള ഗാലറികളായ അല്‍ റിവാഖ് ആര്‍ട് സ്പെയ്സ്, ഹെന്‍ഡ് ഗാലറി, ബുസാദ് ആര്‍ട്ട് ഗാലറി, ആര്‍ട്ട് ദിവാനോ, അമിന ഗാലറി എന്നിവരും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. ചിത്രങ്ങള്‍ക്കു പുറമെ ശില്‍പ, ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകളും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി.
കലാരംഗത്ത് മുതല്‍മുടക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന നിരവധി സെഷനുകളും നടന്നു. ബഹ്റൈന്‍ കലാസ്വാദകര്‍ക്ക് എക്കാലവും ഓര്‍ത്തുവക്കാവുന്ന പരിപാടിയായി ആര്‍ട് എക്സ്പോ മാറി. ഇന്നലെ അവധി ദിനമായതിനാല്‍ കാലത്ത് മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് കലാകാരനായ സച്ച ജാഫ്റി വരച്ച ‘ബഹ്റൈന്‍െറ ആത്മാവ്’ എന്ന ചിത്രം അദ്ദേഹം പ്രിന്‍സസ് സബീക ബിന്ദ് ഇബ്രാഹിം ആല്‍ ഖലീഫക്ക് സമര്‍പ്പിച്ചു. എട്ടുമണിക്കൂര്‍ എടുത്താണ് അദ്ദേഹം ഈ ചിത്രം പൂര്‍ത്തിയാക്കിയത്.ഈ മാസം 12 മുതല്‍ നടന്നു വന്ന പ്രദര്‍ശനം ഇന്നലെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.