മനാമ: ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തി.
മന്ത്രാലയത്തിന്‍െറ പൊതുസമൂഹവുമായുള്ള പതിവ് ചര്‍ച്ചാവേദികൂടിയായി ഇത് മാറി. മതപണ്ഡിതര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മനുഷ്യാവകാശ സംഘടന പ്രതിനിധികള്‍, പത്രാധിപന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരികള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മജ്ലിസുകളുടെ നടത്തിപ്പുകാര്‍, ക്ളബ് ഭാരവാഹികള്‍ എന്നിവരെയാണ് മന്ത്രി സ്വീകരിച്ചത്.
ഇറാന്‍െറ ബഹ്റൈന്‍ വിരുദ്ധ നയത്തിനെതിരെ ശക്തമായ നിലപാടെടുത്ത എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു. ദേശീയ ഐക്യത്തിനും ബഹ്റൈന്‍ ഭരണകൂടത്തിനും പിന്തുണനല്‍കുന്നാതായിരുന്നു ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തില്‍ തികച്ചും ദേശീയവികാരവായ്പുമായാണ് ബഹ്റൈന്‍ പൊതുസമൂഹം പ്രതികരിച്ചതെന്ന് മന്ത്രി തന്‍െറ പ്രസംഗത്തില്‍ പറഞ്ഞു. 1970ല്‍ ബഹ്റൈന്‍ ജനത അമീര്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്കു കീഴിലുള്ള പരമാധികാരത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയ സംഭവവുമായി ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്. ബഹ്റൈനില്‍ എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണ്. അതുകൊണ്ട് ഇവിടുത്തെ ശിയാക്കളുടെ പേരുപറഞ്ഞ് ഇറാന്‍ ബഹ്റൈന്‍െറ കാര്യങ്ങളില്‍ കൈകടത്തേണ്ടതില്ല.
ഇവിടെ രണ്ടാംതരം പൗരന്‍മാരില്ല. അവര്‍ ഇറാനിലത്തെുമ്പോള്‍ മാത്രമേ അങ്ങിനെ തോന്നാനിടയുള്ളൂ. ഇറാനില്‍ വേരുകളുള്ള ബഹ്റൈനിലെ ശിയാക്കള്‍ ഇറാന്‍െറ പരമാധികാരത്തില്‍ നിന്നും മുക്തി നേടിയവരാണ്. ഇറാന്‍െറ കാല്‍ക്കീഴില്‍ വന്നുപെട്ടവര്‍ക്കൊക്കെ പിന്നീട് എന്താണ് സംഭവിച്ചത് എന്നത് ഓര്‍ക്കുന്നത് നല്ലതാണ്.
ഇറാന്‍െറ വിശാല സാമ്രാജ്യ ആശയങ്ങള്‍ നടപ്പാകില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴിയും മറ്റും ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് തോന്നിയാല്‍ അത് ഉടന്‍ നുള്ളിക്കളയും. ഇതുവരെയും ബഹ്റൈന്‍ കൃത്യമായ വിവരങ്ങള്‍ വച്ച് നല്‍കിയ ഒരു അറിയിപ്പിനും ഇറാന്‍ മറുപടി നല്‍കിയിട്ടില്ല.
ബഹ്റൈന്‍െറ എല്ലാ ഉയര്‍ച്ചക്കും നാം ദൈവത്തിന് നന്ദി പറയുകയാണ്. രാജ്യത്തിന്‍െറ ഉയര്‍ച്ചക്കു കാരണം സര്‍ക്കാറിന്‍െറ കഠിനപ്രയത്നവും ജനങ്ങളുടെ സഹകരണവുമാണ്.
രാജ്യത്തിന്‍െറ സുരക്ഷയും ഭദ്രതയും നിലനിര്‍ത്താന്‍ നാം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നേട്ടങ്ങളും കോട്ടങ്ങളും നാം വിലയിരുത്തി മുന്നേറും.
ജനങ്ങള്‍ തമ്മിലുള്ള സഹകരണത്തെയും സഹവര്‍ത്തിത്വത്തെയും മോശമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളെയും ഉന്‍മൂലനം ചെയ്യേണ്ടതുണ്ട്. ദേശീയ ഐക്യത്തിനായി നാം ഒന്നായി നിലകൊള്ളണം. അഭിപ്രായവിത്യാസങ്ങളെ സഹാനുഭൂതിയോടെ കാണാനും നാം തയ്യാറെടുക്കണം.ഈ സാഹചര്യത്തില്‍ എല്ലാവരും വിജയിക്കുകയാണ് ചെയ്യുക. പൊതുസുരക്ഷ കുറ്റമറ്റതാക്കും. സുരക്ഷ വര്‍ധിപ്പിക്കാനായി പല പദ്ധതികളുമുണ്ട്. ഇത് സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. മതപ്രസംഗങ്ങള്‍ രാഷ്ട്രീയ പ്രഭാഷണങ്ങളായി മാറാന്‍ പാടില്ല. ഇത് സമൂഹത്തിലെ ചേരിതിരിവിന് കാരണമാകും. മതപ്രഭാഷകരെ അവര്‍ക്ക് സമൂഹത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തണം. രാഷ്ട്രീയ കക്ഷികളില്‍ ചേരുന്നത് എങ്ങിനെ ദോഷകരമായി തീരുമെന്ന കാര്യം അവര്‍ക്ക് വ്യക്തമാകണം. വിവേചനം, വെറുപ്പ്, ചേരിതിരിവ് എന്നിവക്കെതിരെ നിയമങ്ങള്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യം ഉടന്‍ മന്ത്രിസഭയെ ബോധ്യപ്പെടുത്തും.
ഗൂഡാലോചനയുടെയും ഭീകരതയുടെയും കറുത്ത ശക്തികള്‍ക്ക് നാം ഒരിക്കലും കീഴടങ്ങില്ല.
രാജ്യത്തെ എല്ലാ കുറ്റവാളികളെയും നിയമത്തിനുമുന്നില്‍ ഹാജരാക്കും. കൂട്ടമായി ജനങ്ങളെ ശിക്ഷിക്കുന്നതില്‍ നാം വിശ്വസിക്കുന്നില്ല. ആരാണോ തെറ്റുചെയ്ത്, അവരെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.