ശൈഖ് ഈസ ബിന്‍ മുഹമ്മദ് ആല്‍ഖലീഫ നിര്യാതനായി

മനാമ: വിവിധ സാമൂഹിക സൊസൈറ്റികളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകനും മുന്‍മന്ത്രിയുമായ ശൈഖ് ഈസ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ കഴിഞ്ഞ ദിവസം നിര്യാതനായതായി റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. 1938ല്‍ മുഹറഖിലാണ് ജനനം. കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. 1963 മുതല്‍ 1968 വരെ ബഹ്റൈനിലെ കോടതിയില്‍ ജഡ്ജിയായും 68 മുതല്‍ 73 വരെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. റിവിഷന്‍ ഹൈകോര്‍ട്ട് അംഗമായും നീതിന്യായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഒരു വര്‍ഷക്കാലം നീതിന്യായ മന്ത്രിയായും 1975 മുതല്‍ 80 വരെ തൊഴില്‍ മന്ത്രിയായും നിയമിക്കപ്പെട്ടു. അല്‍ ഇസ്ലാഹ് സൊസൈറ്റിയുടെ വളര്‍ച്ചയിലും വികാസത്തിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ഇബ്നു ഖല്‍ദൂന്‍ നാഷണല്‍ സ്കൂള്‍ സൊസൈറ്റി, ബഹ്റൈന്‍ അഭിഭാഷക യൂനിയന്‍, ലഹരി വിരുദ്ധ സൊസൈറ്റി, ഇബ്നുല്‍ ഹൈഥം ഇസ്ലാമിക് സ്കൂള്‍, അല്‍ഫലാഹ് സ്കൂള്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. വിവിധ സൊസൈറ്റികളിലും കൂട്ടായ്മകളിലും  പ്രവര്‍ത്തിക്കുകയും അവയുടെ മുന്നേറ്റത്തില്‍ ശക്തമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര അഭിഭാഷക യൂനിയന്‍, ഗള്‍ഫ് കണ്‍സള്‍ട്ടന്‍സ് യൂനിയന്‍, കുവൈത്ത് ആസ്ഥാനമായുള്ള ഇന്‍റര്‍നാഷനല്‍ ചാരിറ്റി അസോസിയേഷന്‍, സുഡാനിലെ ഇസ്ലാമിക് ദഅ്വ ഓര്‍ഗനൈസേഷന്‍, ജോര്‍ഡന്‍ കേന്ദ്രമായുള്ള അല്‍ബൈത്ത് എസ്റ്റാബ്ളിഷ്മെന്‍റ് എന്നിവയില്‍ അംഗമായിരുന്നു. ബഹ്റൈനില്‍ ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് വ്യവസ്ഥാപിത രീതി ആവിഷ്കരിക്കുന്നതിന്‍െറ ഭാഗമായി അല്‍ ഇസ്ലാഹ് സൊസൈറ്റിക്ക് കീഴില്‍ ‘വാഹാത്തുല്‍ ഖുര്‍ആന്‍’ എന്ന സ്ഥാപനം ആരംഭിച്ചത് അദ്ദേഹമാണ്. രാജ്യത്ത് ജനാധിപത്യപരമായ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ അതില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിന് ‘അല്‍മിമ്പര്‍ ഇസ്ലാമിക് സൊസൈറ്റി’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ആദ്യത്തെയും രണ്ടാമത്തെയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധേയമായ വിജയം കൈവരിക്കാന്‍ ‘അല്‍മിമ്പറി’ന് സാധിക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ടിന് ഹുനൈനിയ്യ ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.