ഇറാന് വേണ്ടി ചാരവൃത്തി; ബഹ്‌റൈനിൽ 14 പേരെ വിചാരണ ചെയ്യും

മനാമ: ബഹ്‌റൈന് നേരെ സൈനിക നീക്കങ്ങൾ നടത്തുന്നതിനായി ഇറാന്‍റെ റെവല്യൂഷണറി ഗാർഡുമായി (ഐ.ആർ.ജി.സി) ചേർന്ന് ഗൂഢാലോചന നടത്തിയ 14 പേരെ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. രാജ്യത്തിനെതിരെയുള്ള ആക്രമണത്തെ പ്രോത്സാഹിപ്പിക്കുക, സുപ്രധാന വിവരങ്ങൾ ചോർത്തുക, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികൾ രാജ്യത്തെ സുപ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും തന്ത്രപ്രധാനമായ ഇടങ്ങളുടെയും ചിത്രങ്ങളും മാപ്പുകളും ശേഖരിച്ച് ഇറാന് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈനിലെ ഊർജ്ജ നിലയങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ആക്രമണങ്ങൾ നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതികളിൽ ഒരാൾ ഇറാന്‍റെ സൈനിക ക്യാമ്പുകളിൽ നേരിട്ട് പോയി ആയുധ പരിശീലനം നേടിയതായും കണ്ടെത്തി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിനായി സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ചു. ആക്രമണങ്ങളിൽ നിരവധി പേർ മരിച്ചുവെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ ഇവർ പടച്ചുവിട്ടു. നാലാമത്തെ കേസിൽ ഒരു സ്ത്രീയും പ്രതിപ്പട്ടികയിലുണ്ട്.

രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും മാപ്പുകളും എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ഇറാന് കൈമാറിയത് ഇവരാണെന്ന് കണ്ടെത്തി. ആക്രമണങ്ങളെ പുകഴ്ത്തിയും രാജ്യത്തെ സൈനിക രഹസ്യങ്ങൾ വെളിപ്പെടുത്തിയും ഇവർ നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഇത്തരം നീക്കങ്ങളെ കർശനമായി നേരിടുമെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ഷെയർ ചെയ്യരുതെന്നും ഇത് രാജ്യസുരക്ഷയെയും ജനങ്ങളുടെ മനോവീര്യത്തെയും ബാധിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.

Tags:    
News Summary - 14 to Stand Trial in Bahrain for Spying for Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.