ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ കഴിഞ്ഞ 25 ദിവസത്തിനിടെ 5,000 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു. നിലവിലെ യുദ്ധത്തിൽ ഇറാൻ പ്രയോഗിച്ച ആകെ മിസൈലുകളുടെയും ഡ്രോണുകളുടെയും 85 ശതമാനവും ഗൾഫ് രാജ്യങ്ങൾക്ക് നേരെയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. വ്യാഴാഴ്ച റിയാദിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഇറാന്റെ ആക്രമണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
സുരക്ഷിതത്വത്തിന് വലിയ ഭീഷണി
ഇറാന്റെ നടപടി കേവലം ഒരു പ്രകോപനം മാത്രമല്ല, മറിച്ച് മേഖലയിലെ സുരക്ഷാ സാഹചര്യത്തിൽ ഉണ്ടായ വലിയൊരു മാറ്റമാണെന്ന് അൽ ബുദൈവി പറഞ്ഞു. മുൻകാലങ്ങളിൽ സായുധ സംഘങ്ങൾ വഴിയായിരുന്നു ഇറാൻ ആക്രമണങ്ങൾ നടത്തിയിരുന്നതെങ്കിൽ, ഇപ്പോൾ എല്ലാ ജിസിസി രാജ്യങ്ങളെയും ഒരേസമയം നേരിട്ട് ലക്ഷ്യം വെക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.
വിക്ഷേപിച്ചവയിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും ചിലത് ജനവാസ മേഖലകളിൽ പതിച്ചു. ഇത് സിവിലിയന്മാരുടെ മരണത്തിനും വലിയ തോതിലുള്ള സ്വത്ത് നാശത്തിനും കാരണമായിട്ടുണ്ട്. വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ, ഹോട്ടലുകൾ, നയതന്ത്ര കാര്യാലയങ്ങൾ, ജല ശുദ്ധീകരണ ശാലകൾ എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്ന് മേഖലയിലെ വ്യോമഗതാഗതം തടസ്സപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക ശ്വാസകോശം
ലോകത്തിന്റെ ‘സാമ്പത്തിക ശ്വാസകോശമാണ്’ ഗൾഫ് മേഖലയെന്ന് വിശേഷിപ്പിച്ച ജനറൽ സെക്രട്ടറി, ഇവിടുത്തെ അസ്ഥിരത ലോകത്തെ മുഴുവൻ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പ്രതിദിനം 1.6 കോടി ബാരൽ അസംസ്‌കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങൾ ലോകത്തെ ആകെ ഉൽപ്പാദനത്തിന്റെ 22 ശതമാനം കൈകാര്യം ചെയ്യുന്നു. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 33 ശതമാനവും പ്രകൃതിവാതക ശേഖരത്തിന്റെ 21 ശതമാനവും ഈ മേഖലയിലാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും കപ്പൽ ഗതാഗതം തടയുകയും ചെയ്തത് ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സഹനത്തിന്റെ പാതയിൽ
ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങളിൽ തങ്ങൾ പങ്കാളികളല്ലെന്ന് ഗൾഫ് രാജ്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം മണ്ണ് ഇറാനെതിരായ സൈനിക നീക്കത്തിന് വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നിട്ടും ഇറാൻ ഗൾഫ് രാജ്യങ്ങളെ വഞ്ചനാപരമായ രീതിയിൽ ആക്രമിക്കുകയായിരുന്നുവെന്ന് ബുദൈവി കുറ്റപ്പെടുത്തി.
യുദ്ധം വ്യാപിക്കാതിരിക്കാനും ഇറാൻ വിവേകപൂർവം ചിന്തിക്കാനുമായി ഗൾഫ് രാജ്യങ്ങൾ അതീവ സംയമനം പാലിക്കുകയാണ്. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഭാവി ചർച്ചകളിലെ പങ്കാളിത്തം
മേഖലയിൽ സുസ്ഥിരമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാക്കാൻ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾ അനിവാര്യമാണ്. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഏതൊരു നയതന്ത്ര നീക്കത്തിലും ജിസിസി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.