അലങ്കാര ലൈറ്റുകൾ പ്രകാശം മാത്രമല്ല: അറിയാം...

വീടിനെ വെറുമൊരു താമസസ്ഥലത്തിൽനിന്ന് സുന്ദരമായ അനുഭവമാക്കി മാറ്റുന്നതിൽ അലങ്കാര ലൈറ്റുകൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. വെളിച്ചം നൽകുക എന്ന അടിസ്ഥാന ധർമ്മത്തിനപ്പുറം ലൈറ്റുകൾ ഒരു ഭവനത്തിന്റെ വ്യക്തിത്വവും ഭാവവും നിർണ്ണയിക്കുന്ന കലാസൃഷ്ടിയാണ്. ഇന്റീരിയർ ഡിസൈനിൽ അലങ്കാര ലൈറ്റുകൾ ആഡംബരമല്ല, മറിച്ച് അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. അലങ്കാര ലൈറ്റുകൾ ചെയ്യുന്നത്-ഒരു മുറിക്ക് ആഴവും മാനവും നൽകുന്നു, ഫോക്കൽ പോയന്റ് സൃഷ്ടിക്കുന്നു.

പ്രധാന അലങ്കാര ലൈറ്റുകൾ

1. ഷാൻഡ്‌ലിയർ

ഒരു ഭവനത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ അലങ്കാര ലൈറ്റ് ഷാൻഡ്‌ലിയറാണ്. സ്ഫടികം, ലോഹം, തടി, ക്രിസ്റ്റൽ എന്നിവ കൊണ്ട് നിർമിക്കപ്പെടുന്ന ഇവ ഒരു ഹാളിൽ ആകർഷകമായി മാറുന്നു. ഇന്ന് പരമ്പരാഗത ക്രിസ്റ്റൽ ഷാൻഡ്‌ലിയറുകൾ മുതൽ ആധുനിക മിനിമലിസ്റ്റ് ഡിസൈനുകൾ വരെ ലഭ്യമാണ്. ഉയർന്ന സീലിങ്ങുള്ള മുറികൾക്ക് ഷാൻഡ്‌ലിയർ ഏറ്റവും അനുയോജ്യമാണ്.

2. പെൻഡന്റ് ലൈറ്റ്

സീലിങ്ങിൽനിന്ന് ഒരു ചരടോ കമ്പിയോ വഴി തൂങ്ങിക്കിടക്കുന്ന ലൈറ്റുകൾ ഇന്ന് ട്രെൻഡിങ്ങാണ്. ഒറ്റ പെൻഡന്റ് ആയോ ഒന്നിലധികം ഒരുമിച്ചോ ഉപയോഗിക്കാം. ഗ്ലാസ്, റാറ്റൻ, മെറ്റൽ, കോൺക്രീറ്റ് തുടങ്ങി വിവിധ മെറ്റീരിയലുകളിൽ ഇവ ലഭ്യമാണ്. ഡൈനിങ് ടേബിളിന് മുകളിൽ മൂന്ന് പെൻഡന്റ് ലൈറ്റുകൾ ഒരേ ഉയരത്തിൽ ക്രമീകരിക്കുന്നത് ജനപ്രിയമായ ഡിസൈനാണ്.

3. വോൾ സ്കോൺസ്

ഭിത്തിയിൽ ഘടിപ്പിക്കുന്ന ഈ ലൈറ്റുകൾ ഒരു ഇടത്തിന് മൃദുവും ഊഷ്മളവുമായ അന്തരീക്ഷം നൽകുന്നു. ക്ലാസിക്കൽ ഡിസൈൻ മുതൽ ആധുനിക ജ്യോമെട്രിക് രൂപങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

4. ഫെയ്‌രി ലൈറ്റ്സ്

നൂലിൽ കോർത്ത ചെറിയ ബൾബുകൾ ചേർന്ന ലൈറ്റുകൾ ഒരു മാന്ത്രിക പ്രഭാവം നൽകുന്നു. ഇവ ഫ്രെയിമുകളിൽ, ചുവരുകളിൽ, ജനൽ ചട്ടങ്ങളിൽ ക്രമീകരിക്കാം. കുറഞ്ഞ ചെലവിൽ ഭംഗിയുണ്ടാക്കുന്ന അലങ്കാര ലൈറ്റാണ് ഫെയ്‌രി ലൈറ്റ്സ്.

5. എൽ.ഇ.ഡി സ്ട്രിപ്പ് ലൈറ്റ്

ആധുനിക ഇന്റീരിയർ ഡിസൈനിൽ കൂടുതൽ ഉപയോഗിക്കുന്ന അലങ്കാര ലൈറ്റ് എൽ.ഇ.ഡി സ്ട്രിപ്പാണ്. ടി.വി യൂണിറ്റിന്റെ പിറകിൽ, അലമാരയുടെ അടിഭാഗത്ത്, സീലിങ്ങിന്റെ അരികിൽ എന്നിങ്ങനെ ലൈറ്റ് ഘടിപ്പിക്കുന്നുണ്ട്.

6. ഫ്ലോർ ലാമ്പ്

നിലത്ത് നിൽക്കുന്ന ലൈറ്റ്. ഒരു കസേരക്ക് അരികിൽ ഫ്ലോർ ലാമ്പ് ഘടിപ്പിക്കുന്നത് വായനക്കും മറ്റും ഉപകാരപ്രദമാക്കുന്നു.

7. ടേബിൾ ലാമ്പ്

ഡിസൈനിലും വലിപ്പത്തിലും ഏറ്റവും വൈവിധ്യമുള്ള അലങ്കാര ലൈറ്റാണ് ടേബിൾ ലാമ്പ്. പലതരത്തിൽ ടേബിൾ ലാമ്പ് ലഭ്യമാണ്.


ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ

ഇന്റീരിയർ ശൈലിയുമായി പൊരുത്തമുണ്ടാക്കണം, അലങ്കാര ലൈറ്റുകൾ ഭവനത്തിന് ആർദ്രത നൽകണം, അലങ്കാര ലൈറ്റുകളിൽ എൽ.ഇ.ഡി ലൈറ്റ് ഉപയോഗിക്കുന്നത് ഊർജ്ജ ലാഭം ഉറപ്പാക്കും.

Tags:    
News Summary - Decorative lights are not just about lighting: know...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.