ചെലവില്ല, ഗുണമുണ്ട്: പാഴ്‌വസ്തുക്കളിൽനിന്നും പൂച്ചട്ടികളുണ്ടാക്കാം...
വീട്ടുമുറ്റത്തോ ബാൽക്കണിയിലോ പൂന്തോട്ടം നിർമിക്കുകയെന്നത് മിക്കവരുടെയും ആഗ്രഹമാണ്. എന്നാൽ, പൂച്ചട്ടികൾക്ക് വലിയ തുക ചെലവാകുമെന്ന ചിന്ത പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. നമ്മുടെ വീട്ടിലുള്ള ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും മറ്റു സാധനങ്ങളും ഉപയോഗിച്ച് ചെലവില്ലാതെ പൂച്ചട്ടികൾ നിർമിക്കാനാകും.
പ്ലാസ്റ്റിക് കുപ്പികൾ
എളുപ്പത്തിൽ ലഭിക്കുന്നതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ ഒന്നാണ് പ്ലാസ്റ്റിക് കുപ്പികൾ. അര ലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ എന്നിങ്ങനെ വിവിധ വലിപ്പത്തിലുള്ള കുപ്പികൾ ഉപയോഗിക്കാം. കുപ്പിയുടെ മുകൾഭാഗം മുറിച്ചുമാറ്റി അടിഭാഗം ചട്ടിയായി ഉപയോഗിക്കാം. കുപ്പികൾ കുറുകെ മുറിച്ച് ചുവരിൽ തൂക്കിയിടുന്ന 'വെർട്ടിക്കൽ ഗാർഡൻ' ആയും മാറ്റാം. കുപ്പിയുടെ അടിഭാഗത്ത് അധിക വെള്ളം വാർന്നുപോകാൻ ചെറിയ ദ്വാരങ്ങളും വേണം.
പഴയ പാത്രങ്ങൾ
വീട്ടിൽ ഉപയോഗശൂന്യമായ സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക് പാത്രങ്ങൾ പൂച്ചട്ടികളാക്കാം. പഴകിയ പാത്രങ്ങളിൽ പെയിന്റ് അടിച്ച് മനോഹരമാക്കാം. ഇവയിൽ ചെറിയ ചെടികൾ വളർത്തുന്നത് വീടിന് നല്ലൊരു വിന്റേജ് ലുക്ക് നൽകും. പാത്രത്തിന്റെ അടിയിൽ ദ്വാരമിടാൻ ബുദ്ധിമുട്ടാണെങ്കിൽ അടിയിൽ കല്ലുകൾ നിരത്തിയ ശേഷം മണ്ണ് നിറക്കുന്നത് ചെടിയുടെ വേര് ചീഞ്ഞുപോകുന്നത് തടയും.
മൺപാത്രങ്ങളും ഓടുകളും
തറയോടുകൾ പൂന്തോട്ടങ്ങൾക്ക് ഭംഗി നൽകും. പഴയ ഓടുകൾ പരസ്പരം അടുക്കി വെച്ച് ചെറിയ മതിലുപോലെയുണ്ടാക്കി അതിനുള്ളിൽ മണ്ണ് നിറച്ച് ചെടികൾ നടാം. ഇത് 'സക്കുലന്റ്' ചെടികൾക്ക് വളരെ അനുയോജ്യമാണ്. പൊട്ടിയ മൺപാത്രങ്ങളും ചെടികൾ നടാൻ മികച്ചതാണ്.
ടയറുകളും ചെരുപ്പുകളും
പഴയ ടയറുകൾ പൂന്തോട്ടത്തിന്റെ നടുവിൽ വെച്ച് അതിനുള്ളിൽ മണ്ണ് നിറച്ച് വലിയ ചെടികൾ നടാവുന്നതാണ്. കുട്ടികളുടെ ഉപയോഗശൂന്യമായ റബർ ചെരുപ്പുകൾ മതിൽക്കെട്ടുകളിൽ തൂക്കി അതിൽ അലങ്കാര ചെടികൾ നടുന്നത് കൗതുകകരമായ കാഴ്ചയായിരിക്കും. ചെടികളുടെ വേരുകൾ ചീഞ്ഞുപോകാതിരിക്കാൻ ഏത് പാത്രമാണെങ്കിലും വെള്ളം വാർന്നുപോകാനുള്ള സുഷിരങ്ങൾ ഉണ്ടായിരിക്കണം.
പെയിന്റിങ്
പാഴ്‌വസ്തുക്കൾക്ക് ആകർഷകമായ നിറങ്ങൾ നൽകാൻ അക്രിലിക് പെയിന്റുകൾ ഉപയോഗിക്കാം. ഇത് പാത്രങ്ങളെ വെയിലിൽ നിന്ന് സംരക്ഷിക്കും. പാത്രങ്ങളിൽ ചെടി നടുമ്പോൾ ചകിരിച്ചോറ്, മണ്ണ്, ജൈവവളം എന്നിവ ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണകരമാകും.
പാൽ കവറുകളും പ്ലാസ്റ്റിക് ബാഗുകളും
പാൽ കവറുകൾ മികച്ച 'ഗ്രോ ബാഗുകൾ' ആണ്. കവറിന്റെ മുകൾഭാഗം മുറിച്ചെടുത്ത് അടിയിൽ ചെറിയ ദ്വാരങ്ങൾ ഇടുക. ഇവയിൽ ചീര, മുളക്, തക്കാളി തുടങ്ങിയ ചെറിയ ചെടികൾ നന്നായി വളരും. ടെറസ്സിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ ഭാരം കുറഞ്ഞ ഇത്തരം കവറുകൾ വളരെ അനുയോജ്യമാണ്.
8തൊപ്പിയും സി.ഡിയും
പഴയ സി.ഡികൾ പൂന്തോട്ടത്തിലെ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാം. സി.ഡികൾ ചട്ടികളുടെ വശങ്ങളിൽ ഒട്ടിച്ചുവെക്കുന്നത് വെളിച്ചത്തെ പ്രതിഫലിപ്പിച്ച് പൂന്തോട്ടത്തിന് തിളക്കം നൽകും. അതുപോലെ, പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ച് പൂന്തോട്ടത്തിന്റെ പാതകൾക്ക് സമീപം ഡിസൈനുകൾ നിർമിക്കാം.
നാം വലിച്ചെറിയുന്ന പല വസ്തുക്കളും കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കാം. ഇത് പരിസ്ഥിതിക്ക് ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.