വാനില ചെടിയേ വാനോളം വളര്...; ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആദ്യരുചി 'വാനില' ആണെന്ന് അറിയാമോ? എന്നാൽ ഇതിനു പിന്നിൽ ഒരു കഥയുണ്ട്!

ചോക്ലേറ്റുകളും സ്‌ട്രോബെറി ഡെസേർട്ടുകളും വിപണി കീഴടക്കുന്നതിന് എത്രയോ മുമ്പ് തന്നെ ലോകമെമ്പാടുമുള്ള ആളുകളുടെ മനംകവർന്ന ഒരു സുഗന്ധവും രുചിയുമുണ്ട്, അതാണ് വാനില. കേക്കുകൾ, ഐസ്‌ക്രീമുകൾ, കുക്കികൾ, കോഫി മുതൽ പെർഫ്യൂമുകളിലും സുഗന്ധ മെഴുകുതിരികളിൽ വരെ ഇന്ന് വാനില ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. എന്നാൽ ഇന്ന് വളരെ സാധാരണയായി എല്ലായിടത്തും കാണപ്പെടുന്ന വാനില ഒരുകാലത്ത് കുങ്കുമപ്പൂവ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും അപൂർവ്വവും വിലയേറിയതുമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായിരുന്നു എന്നത് പലർക്കും അറിയില്ല. മെക്സിക്കോയിലെ ഉഷ്ണമേഖലാ കാടുകളിൽ നിന്ന് ആരംഭിച്ച് ലോകത്തിലെ ഏറ്റവും ജനപ്രിയമായ രുചിയായി മാറിയ വാനിലയുടെ ചരിത്രം വളരെ കൗതുകകരമാണ്.

മറ്റ് സുഗന്ധവ്യഞ്ജനങ്ങളെപ്പോലെ മരങ്ങളിൽ നിന്നോ കുറ്റിച്ചെടികളിൽ നിന്നോ അല്ല വാനില ലഭിക്കുന്നത്. വാനില പ്ലാനിഫോളിയ എന്ന പ്രത്യേക ഇനം ഓർക്കിഡ് പൂക്കളുടെ കായ്കളിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. മെക്സിക്കോയുടെ കിഴക്കൻ തീരങ്ങളിൽ ജീവിച്ചിരുന്ന തൊട്ടോനാക് ഗോത്രവർഗ്ഗക്കാരാണ് ഇത് ആദ്യമായി കൃഷി ചെയ്തത്.

പിന്നീട് അസ്ടെക് വംശജർ രാജാക്കന്മാർക്കും യോദ്ധാക്കൾക്കുമായി തയാറാക്കിയിരുന്ന പ്രത്യേക ചോക്ലേറ്റ് പാനീയങ്ങളിൽ സുഗന്ധവും രുചിയും കൂട്ടാൻ വാനില ഉപയോഗിച്ചു തുടങ്ങി. 16-ാം നൂറ്റാണ്ടിൽ സ്പാനിഷ് പര്യവേക്ഷകർ മെക്സിക്കോയിലെത്തിയതോടെയാണ് വാനില യൂറോപ്പിലേക്ക് പടരുന്നതും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്നതും.

നൂറ്റാണ്ടുകളോളം വാനില വളരെ വിലകൂടിയ ഒരു ആഡംബര വസ്തുവായിരുന്നു. മെക്സിക്കോക്ക് പുറത്ത് ഇത് വളർത്തുക എന്നത് അസാധ്യമായിരുന്നു; കാരണം മെലിപോണ എന്ന പ്രത്യേക തരം തേനീച്ചകൾക്ക് മാത്രമേ ഈ ഓർക്കിഡ് പൂക്കളിൽ സ്വാഭാവികമായി പരാഗണം നടത്താൻ സാധിച്ചിരുന്നുള്ളൂ.

എന്നാൽ 1841-ൽ റീയൂണിയൻ ദ്വീപിൽ ജീവിച്ചിരുന്ന എഡ്മണ്ട് ആൽബിയസ് എന്ന 12 വയസ്സുകാരനായ കുട്ടി ഒരു ചെറിയ വടിയും വിരലും ഉപയോഗിച്ച് കൃത്രിമമായി കൈകൊണ്ട് പരാഗണം നടത്താനുള്ള ലളിതമായ വഴി കണ്ടെത്തി. ഈ കണ്ടെത്തൽ വാനില കൃഷിയിൽ വലിയൊരു വിപ്ലവത്തിന് വഴിവെച്ചു. ഇതോടെ മഡഗാസ്കർ, ഇന്തോനേഷ്യ, ഉഗാണ്ട തുടങ്ങിയ വിവിധ ഉഷ്ണമേഖലാ രാജ്യങ്ങളിലേക്ക് വാനില കൃഷി വേഗത്തിൽ വ്യാപിച്ചു.

വാനിലയോടുള്ള നമ്മുടെ ഇഷ്ടത്തിന് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുമുണ്ട്. വാനിലയിലുള്ള വാനിലിൻ എന്ന സംയുക്തമാണ് ഇതിന് പ്രത്യേക മണവും സ്വാദും നൽകുന്നത്. വാനിലയുടെ സുഗന്ധം മനുഷ്യരിൽ ഊഷ്മളത, ആശ്വാസം, മധുരം, സുരക്ഷിതത്വം എന്നിവയുടെ അനുഭൂതി ഉളവാക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മനസ്സമാധാനം നൽകാനും നല്ല ഓർമ്മകളെ ഉണർത്താനും ഈ സുഗന്ധത്തിന് കഴിയുമത്രേ. അതുകൊണ്ടുതന്നെയാണ് ഡെസേർട്ടുകൾക്ക് പുറമെ പെർഫ്യൂമുകളിലും സ്കിൻകെയർ ഉൽപ്പന്നങ്ങളിലും വാനില പ്രിയപ്പെട്ട ഘടകമായി മാറിയത്.

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ വാനില ഉത്പാദിപ്പിക്കുന്നത് മഡഗാസ്കർ ആണ്. എങ്കിലും വാനില ഉൽപ്പാദനം ഇപ്പോഴും ഏറെ കഠിനാധ്വാനം ആവശ്യമുള്ള ഒന്നാണ്. ഇന്നത്തെ വൻകിട ആവശ്യങ്ങൾക്കായി വിപണിയിൽ എത്തുന്ന ഭൂരിഭാഗം വാനില ഫ്ലേവറുകളും പരീക്ഷണശാലകളിൽ നിർമിക്കുന്ന സിന്തറ്റിക് വാനിലിൻ ആണ്. എങ്കിലും പ്രകൃതിദത്ത വാനിലയുടെ സങ്കീർണ്ണവും സമ്പന്നവുമായ രുചിയും ഗുണവും ഇതിൽ ലഭിക്കില്ല.

വാനിലയെ വെറുമൊരു സാധാരണ രുചിയായി തള്ളിക്കളയാനാവില്ല. അതിന്‍റെ മനോഹരമായ മധുരത്തിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും സസ്യശാസ്ത്രത്തിന്‍റെ അത്ഭുതങ്ങളും മനുഷ്യന്‍റെ കഠിനാധ്വാനവും അടങ്ങിയിട്ടുണ്ട്. ഏത് തരം മധുരപലഹാരങ്ങളോടും ചേർത്തുവെക്കാവുന്ന വാനില ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രുചിയായി ഇന്നും തലയുയർത്തി നിൽക്കുന്നു.

Tags:    
News Summary - ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആദ്യരുചി വാനില

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-24 04:13 GMT