തോഷിമിത്സു മൊട്ടേഗി
ഇന്ത്യയിൽ ഫിൽറ്റർ കോഫിയും ഗുലാബ് ജാമുനും ആസ്വദിച്ച് ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി
ന്യൂഡൽഹിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി തന്റെ ഇന്ത്യൻ സന്ദർശനം മധുരതരമായ ഓർമ്മകളോടെയാണ് അവസാനിപ്പിച്ചത്. തിരികെ ജപ്പാനിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം പങ്കുവെച്ച ഒരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള ഫിൽട്ടർ കോഫിയും ചൂടുള്ള ഗുലാബ് ജാമുനും കഴിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം തന്റെ എക്സിൽ പങ്കുവെച്ചത്.
ഇന്ത്യയിലെ കോഫി സംസ്കാരത്തെക്കുറിച്ച് മൊട്ടേഗി ചില കാര്യങ്ങൾ കുറിക്കുകയുണ്ടായി. സാധാരണയായി ഇന്ത്യയെന്ന് കേൾക്കുമ്പോൾ ചായയാണ് ഓർമ്മ വരികയെങ്കിലും കോഫിക്കും ഇവിടെ പ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ. കൂടാതെ ലോകത്തിലെ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. വിഡിയോയിൽ പരമ്പരാഗത സ്റ്റീൽ ഗ്ലാസിൽ നിന്ന് അദ്ദേഹം ഫിൽട്ടർ കോഫി കുടിക്കുന്നതും പിന്നീട് മൃദുവായ ഗുലാബ് ജാമുൻ കഴിക്കുന്നതും കാണാം.
'ഇന്ത്യയിലെ എന്റെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി ഞാൻ എയർപോർട്ടിലേക്ക് പോവുകയാണ്. ഈ യാത്രയിലെ മീറ്റിങ്ങുകൾക്കിടയിൽ ദക്ഷിണേന്ത്യൻ ശൈലിയിലുള്ള കാപ്പിയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുരപലഹാരമായ ഗുലാബ് ജാമുനും ഞാൻ ആസ്വദിച്ചു. നല്ല മധുരമുണ്ടായിരുന്നു. ഇനി ഞാൻ ജപ്പാനിലേക്ക് മടങ്ങുകയാണ്'. അദ്ദേഹെ കുറിച്ചു. ജപ്പാനിലെ ജനങ്ങൾക്ക് മനസ്സിലാകുന്നതിനായി ഗുലാബ് ജാമുന്റെ ഘടനയെ 'ഡോനട്ടിനോട്' ഉപമിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.
മൊട്ടേഗിയുടെ ഈ വിഡിയോ ഇന്ത്യയിലെയും ജപ്പാനിലെയും ആളുകൾക്കിടയിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. പലരും ഇതിന് രസകരമായ കമന്റുകളുമായി രംഗത്തെത്തി. എപ്പോഴും ഗൗരവഭാവമുള്ള മന്ത്രി മധുരത്തെക്കുറിച്ച് പറയുന്നത് കാണാൻ ഭംഗിയുണ്ടെന്ന് ഒരു ജാപ്പനീസ് ഉപയോക്താവ് കുറിച്ചപ്പോൾ അടുത്ത തവണ വരുമ്പോൾ 'കാജു കത്‌ലിയും' 'രസഗുളയും' കൂടി പരീക്ഷിക്കണമെന്നായിരുന്നു ഒരു ഇന്ത്യൻ ആരാധകന്റെ നിർദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.