പ്രതീകാത്മകചിത്രം

സ്വർണ്ണത്തേക്കാൾ വിലയുള്ള ഭക്ഷണങ്ങൾ! ലോകത്തിലെ ഏറ്റവും വിലയേറിയ 5 ഭക്ഷ്യവിഭവങ്ങൾ...

നമ്മൾ 'ലക്ഷ്വറി ഭക്ഷണം' എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് ഓടിയെത്തുന്നത് അത്യാഡംബരമായ റെസ്റ്ററന്റുകളിലേക്കും, അവിടെ ലഭിക്കുന്ന വിഭവങ്ങളിലേക്കുമാണ്. എന്നാൽ ഇന്ന് യഥാർഥ ആഡംബരം കിടക്കുന്നത് വിഭവങ്ങളിലല്ല, മറിച്ച് അവ തയാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിലാണ്. പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്നവയും വിളവെടുക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നവയുമായ ചില ചേരുവകൾക്ക് സ്വർണത്തേക്കാൾ വിലയുണ്ട് എന്നതാണ് സത്യം. അത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ അഞ്ച് ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടാം.

1. കുങ്കുമപ്പൂവ്: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം

കുങ്കുമപ്പൂവ് വരുന്നത് 'ക്രോക്കസ് സാറ്റിവസ്' എന്ന പർപ്പിൾ നിറത്തിലുള്ള പൂവിൽ നിന്നാണ്. ഈ പൂവിന്റെ ഉള്ളിലെ നേർത്ത ചുവന്ന നൂലുകളാണ് നാം കുങ്കുമപ്പൂവായി ഉപയോഗിക്കുന്നത്. ഓരോ പൂവിലും വളരെ കുറച്ച് നൂലുകൾ മാത്രമേ കാണാറുള്ളൂ. അതിനാൽ, ചെറിയൊരു അളവ് കുങ്കുമപ്പൂവ് ലഭിക്കാൻ പോലും ആയിരക്കണക്കിന് പൂക്കൾ കൈകൊണ്ട് പറിച്ചെടുക്കേണ്ടി വരുന്നു. ഇതുകൊണ്ടാണ് ഇതിന് ഇത്രയധികം വില വരുന്നത്. ഉയർന്ന നിലവാരമുള്ള കുങ്കുമപ്പൂവിന് ഒരു കിലോക്ക് 1,20,000 മുതൽ 3,50,000 രൂപ വരെ വില വരാറുണ്ട്.

 2. മാറ്റ്സുറ്റേക്ക് കൂൺ: വനത്തിലെ അപൂർവ്വ ഇനം കൂൺ

ജപ്പാനിലും കിഴക്കൻ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും വളരെ പ്രിയപ്പെട്ടതാണ് ഈ കൂണുകൾ. എന്നാൽ ഇവയെ കൃഷി ചെയ്യാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 25 വർഷത്തിലധികം പഴക്കമുള്ള പൈൻ മരങ്ങളുടെ ചുവട്ടിൽ പ്രകൃതിദത്തമായി വളരുന്ന ഇവയെ കാടുകളിൽ തിരഞ്ഞുപിടിക്കുകയാണ് പതിവ്. ജപ്പാനിലെ വാർഷിക വിളവെടുപ്പ് വളരെ കുറവായതിനാൽ മാറ്റ്സുറ്റേക്ക് കൂണുകൾക്ക് വലിയ ഡിമാൻഡാണ്. ജപ്പാനിൽ ഇവ പലപ്പോഴും വിലമതിക്കാനാവാത്ത സമ്മാനമായി പോലും നൽകാറുണ്ട്. യുഎസിൽ ഒരു പൗണ്ടിന് ഏകദേശം 40 ഡോളർ മുതൽ വിലയുള്ള ഈ കൂണിന് ജപ്പാനിൽ ഒരു പൗണ്ടിന് 1,000 ഡോളർ വരെയാണ് ഈടാക്കുന്നത്.

 3. കോപ്പി ലുവാക്ക് : കാപ്പി

ലോകത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന കാപ്പികളിൽ ഒന്നാണ് കോപ്പി ലുവാക്ക്. ഏഷ്യൻ പാം സിവെറ്റ് എന്ന ചെറിയ മൃഗം കാപ്പിയുടെ പഴങ്ങൾ കഴിച്ചശേഷം പുറന്തള്ളുന്ന വിത്തുകൾ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും ഈ പ്രക്രിയ കാപ്പിയുടെ രുചിയിൽ വലിയ മാറ്റമുണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് കൂടുതൽ മിനുസമുള്ളതും കടുപ്പം കുറഞ്ഞതും ചോക്ലേറ്റിന്റെയോ കാരമലിന്റെയോ നേരിയ രുചിയുള്ളതുമാണ്. കൃഷി ചെയ്യുന്നവക്ക് കിലോക്ക് 4,500 മുതൽ 9,000 വരെ വിലയുള്ളപ്പോൾ, വനത്തിൽ നിന്ന് ശേഖരിക്കുന്നവയ്ക്ക് 27,000-ത്തിന് മുകളിൽ വില വരാറുണ്ട്.


4. ബെലൂഗ കാവിയാർ: കാത്തിരിപ്പിന്റെ ഫലം

കാസ്പിയൻ കടലിൽ കാണപ്പെടുന്ന ബെലൂഗ സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയാർ. ഇതിന് ഇത്രയധികം വില വരാനുള്ള പ്രധാന കാരണം സമയം തന്നെയാണ്. ഈ മത്സ്യത്തിന് മുട്ടയിടുന്ന പാകമെത്താൻ ഏകദേശം 20 വർഷമെങ്കിലും വേണം. ഇത്രയും കാലം കാത്തിരിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ ഇതിന്റെ ലഭ്യത വളരെ കുറവാണ്. 100 ഗ്രാമിന് ഏകദേശം 56,000 മുതൽ 85,000 വരെയാണ് ഇതിന്റെ വില. വലിയ വലിപ്പവും ക്രീം പോലുള്ള ഘടനയും കായുടെ രുചിയുമാണ് ഇതിന്റെ പ്രത്യേകത.


5. വൈറ്റ് ആൽബ ട്രഫിൾസ്: ഇറ്റലിയുടെ അമൂല്യ നിധി

ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലയിൽ മരങ്ങളുടെ വേരുകൾക്ക് താഴെയായി മണ്ണിൽ വളരുന്നവയാണ് ഈ ട്രഫിളുകൾ. ഇവയും കൃഷി ചെയ്യാൻ കഴിയാത്തതിനാൽ കാടുകളിൽ നിന്ന് കണ്ടെത്തിയേ മതിയാകൂ. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും പന്നികളെയും ഉപയോഗിക്കാറുണ്ട്. വളരെ അപൂർവ്വമായതിനാൽ, കിലോയ്ക്ക് 2 ലക്ഷം മുതൽ 4 ലക്ഷം വരെ വില വരാറുണ്ട്. ഭക്ഷണത്തിന് മുകളിൽ ഇവ നേർത്തതായി ചിരകിയിടുമ്പോൾ ലഭിക്കുന്ന മണം വളരെ പ്രത്യേകതയുള്ളതാണ്.

ഈ ഭക്ഷ്യവിഭവങ്ങളെല്ലാം പ്രകൃതിയുമായി വളരെ അടുത്തുനിൽക്കുന്നവയാണ്. കാലാവസ്ഥ, മണ്ണ്, സമയം എന്നിവയെല്ലാം ഇവയുടെ ഉൽപ്പാദനത്തെ സ്വാധീനിക്കുന്നു. സാധാരണക്കാർക്ക് എന്നും പാകം ചെയ്യാൻ കഴിയുന്നവല്ലെങ്കിലും ലോകത്തെ ഭക്ഷണവൈവിധ്യത്തിന്റെ അത്ഭുതകരമായ ഉദാഹരണങ്ങളാണിവ.

Tags:    
News Summary - 5 of the world’s most expensive food ingredients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.