4 സ്റ്റാർ ഹോട്ടൽ കാറ്ററിങ്, രുചികരമായ ഭക്ഷണം, ആഢംബര സീറ്റിങ്; വൈറലായി പുതിയ വന്ദേ ഭാരത് സ്ലീപ്പറിലെ മെനു
രാജ്യത്തിന്റെ ഏറ്റവും പുതിയതും അത്യാധുനികവുമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ യാത്രക്കാരുടെ ഇടയിൽ ചർച്ചയാകുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്ത പുതിയ അഡ്വാൻസ്ഡ് സെമി-ഹൈ-സ്പീഡ് ട്രെയിൻ യാത്രക്കാരുടെ യാത്രാ അനുഭവങ്ങളെ പൂർണമായും മാറ്റിമറിച്ചിരിക്കുകയാണ്. ട്രെയിനിന്റെ ആഡംബരപൂർണമായ ഉൾവശങ്ങളും മികച്ച ബെർത്തുകളും മാത്രമല്ല യാത്രക്കാരെ ഏറെ ആകർഷിക്കുന്നത് ഇതിലെ മികച്ച ഭക്ഷണം കൂടിയാണ്.
നവംബർ 1-ന് ആരംഭിച്ച മുംബൈ സി.എസ്.എം.ടി -എസ്.എം.വി.ടി ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിൽ യാത്ര ചെയ്ത ഒരു ട്രാവൽ വ്ലോഗർ ട്രെയിനിലെ ഭക്ഷണത്തെ ഫൈവ് സ്റ്റാർ നിലവാരമുള്ളതാണെന്നാണ് വിശേഷിപ്പിച്ചത്. യൂണിഫോം ധരിച്ച ജീവനക്കാർ ട്രെയിനിൽ വെച്ച് യാത്രക്കാർക്ക് വിവിധ തരം വിഭവങ്ങൾ അടങ്ങിയ ഫുഡ് പ്ലേറ്റ് വിളമ്പുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമുഖ ഹോട്ടലുകളിലെ അന്തരീക്ഷം ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സേവനമെന്ന് യാത്രക്കാർ പറയുന്നു. മറ്റൊരു വ്ലോഗർ തന്റെ അത്താഴത്തെക്കുറിച്ച് പങ്കുവെക്കുമ്പോൾ ട്രെയിനിൽ ലഭിച്ച കട്ടിയുള്ള ധാലും, രുചികരമായ ചിക്കൻ ഗ്രേവിയും, ചൂടുള്ള മൃദുവായ റൊട്ടികളും ഹോട്ടൽ ശൈലിയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് വ്യക്തമാക്കുന്നു. സരോവർ പോർട്ടിക്കോ എന്ന ഫോർ സ്റ്റാർ ഹോട്ടലാണ് ഈ ട്രെയിനിനുള്ള കാറ്ററിങ് സേവനം നൽകുന്നത്.
ഐ.ആർ.സി.ടി.സി യുടെ കണക്കനുസരിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമായി നിരവധി പ്രാദേശിക വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അത്താഴത്തിന് നാരങ്ങ ചോറ് അല്ലെങ്കിൽ സ്റ്റീം ചെയ്ത ചോറ്, ചപ്പാത്തി അല്ലെങ്കിൽ പൊറോട്ട, കർണാടക ശൈലിയിലുള്ള സാമ്പാർ അല്ലെങ്കിൽ മഞ്ഞ പരിപ്പ് ദാൽ എന്നിവ ലഭ്യമാണ്. ഇതിനൊപ്പം പനീർ അല്ലെങ്കിൽ ചിക്കൻ വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പാക്കറ്റ് തൈര് അല്ലെങ്കിൽ മോര്, മധുരപഹാരങ്ങൾ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാണ്.
പ്രഭാതഭക്ഷണത്തിനായി ഇഡ്ഡലി, വട, സാമ്പാർ, മസാല പോഹ, വെജ് ഉപ്പുമാവ്, ബ്രെഡ്, വെജ് കട്ട്ലറ്റ്, ഓംലെറ്റ് തുടങ്ങി നിരവധി ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് രാവിലെ ചായയും കാപ്പിയും ബിസ്കറ്റും നൽകുന്നുണ്ട്.
നവംബർ 2 മുതൽ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന മുംബൈ-ബെംഗളൂരു റൂട്ടിൽ തേർഡ് എ.സിക്ക് 2,810 രൂപയും, സെക്കൻഡ് എ.സിക്ക് 3,630 രൂപയും, ഫസ്റ്റ് എ.സിക്ക് 4,450 രൂപയുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ട്രെയിൻ യാത്രാനുഭവത്തോടൊപ്പം ആഡംബര ഹോട്ടലുകളെ വെല്ലുന്ന ഭക്ഷണവും കൂടി ലഭ്യമാകുന്നതോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് പ്രിയപ്പെട്ടതായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.