കൻസാസ് സിറ്റി: സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് അർജന്റീന താരങ്ങൾ കളത്തിലിറങ്ങിയത്. മുൻ അർജന്റീന നായകനായിരുന്ന അന്റോണിയോ റാറ്റിന്റെ വിയോഗത്തിൽ താരത്തോടുള്ള ആദരസൂചകമായാണ് താരങ്ങൾ ആംബാൻഡ് അണിഞ്ഞത്.അന്തരിച്ച തങ്ങളുടെ ഇതിഹാസതാരത്തിന് ആദരമർപ്പിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയ അഭ്യർത്ഥന പരിഗണിച്ച് ഫിഫ ഇതിന് പ്രത്യേക അനുമതി നൽകുകയായിരുന്നു.
അർജന്റീന ഫുട്ബോളിലെ എക്കാലത്തെയും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് 89-ാം വയസ്സിൽ അന്തരിച്ച അന്റോണിയോ റാറ്റിൻ. പക്ഷാഘാതത്തെത്തുടർന്നാണ് താരത്തിന്റെ അന്ത്യമെന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം. 1962, 1966 ലോകകപ്പുകളിൽ അർജന്റീനയുടെ കുപ്പായമണിഞ്ഞ റാറ്റിൻ, 1959 മുതൽ 1969 വരെ ദേശീയ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു.
തന്റെ മുഴുവൻ കരിയറും അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബോക്ക ജൂനിയേഴ്സിന് വേണ്ടി സമർപ്പിച്ച താരമാണ് അദ്ദേഹം. 1956 മുതൽ 1970 വരെ ബോക്കയ്ക്കായി 382 മത്സരങ്ങൾ കളിച്ച റാറ്റിൻ, ക്ലബ്ബിനെ നാല് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചു. ബോക്ക ജൂനിയേഴ്സിന്റെ എക്കാലത്തെയും വലിയ ആരാധകചിഹ്നം കൂടിയായിരുന്നു അദ്ദേഹം. "ഞങ്ങളുടെ വികാരവും പ്രതീകവുമായ അന്റോണിയോ ഉബാൽഡോ റാറ്റിന്റെ വിയോഗത്തിൽ ഞങ്ങൾ അതീവമായി ദുഃഖിക്കുന്നു," എന്ന് ബോക്ക ജൂനിയേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ കുറിച്ചു.
ഫുട്ബോൾ ചരിത്രത്തിൽ റഫറിമാർ ചുവപ്പ്, മഞ്ഞ കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയതിന് പിന്നിൽ റാറ്റിന്റെ പേരും വലിയൊരു പങ്കുവഹിക്കുന്നുണ്ട്. 1966 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റാറ്റിൻ പുറത്തായ രീതി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഈ സംഭവമാണ് ഫുട്ബോളിൽ കാർഡുകൾ എന്ന സംവിധാനം കൊണ്ടുവരാൻ ഫിഫയെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.