സ്വിസ് വല തുളച്ച് അർജന്റീന; ആദ്യ പകുതിയിൽ മാക് അലിസ്റ്ററിന്റെ ഗോളിൽ ചാമ്പ്യൻമാർക്ക് ലീഡ്

കൻസാസ് സിറ്റി : ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം കനക്കുന്നു. അരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ, അലക്സിസ് മാക് അലിസ്റ്ററിന്റെ ഗോളിൽ അർജന്റീന 1–0 എന്ന നിലയിൽ മുന്നിലാണ്. വിജയികൾ ബുധനാഴ്ച അറ്റ്‌ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും.

മത്സരത്തിന്‍റെ 10-ാം മിനിറ്റിലാണ് അർജന്‍റീന സ്വിസ് വല കുലുക്കിയത്. മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 21-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ ജിബ്രിൾ സോ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ശക്തമായ ലോങ് റേഞ്ചർ ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് സുരക്ഷിതമായി പിടിച്ചെടുത്തു. 34-ാം മിനിറ്റിൽ ഗ്രാനിറ്റ് സാക്കയുടെ മനോഹരമായ നോ-ലുക്ക് പാസ് ശ്രദ്ധേയമായെങ്കിലും സ്വിസ് പടക്ക് മുതലെടുക്കാനായില്ല. ഇതിനു പിന്നാലെ സ്വിറ്റ്സർലൻഡിന് അനുകൂലമായി ഫ്രീ-കിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 43-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് സ്വിസ് താരം ബ്രെൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. ഇതേ തുടർന്ന് കളിക്കളത്തിൽ താരങ്ങൾ തമ്മിൽ വാക്കേറ്റം നടന്നു.

മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീന ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, സ്വിറ്റ്സർലൻഡ് പ്രതിരോധം ഉറച്ചുനിൽക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് ആക്രമണത്തിന് മൂർച്ചകൂട്ടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Alexis Mac Allister Strike Gives Argentina Half-Time Lead Over Switzerland in World Cup Quarter-Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.