തുടർച്ചയായി മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെ, ദേശീയ ടീമിനെ തിരികെ വിജയവഴിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുൻ ഇതിഹാസ താരം പൗലോ മാൾഡീനിയെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷന്റെ പുതിയ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു.
ഇറ്റലിക്കായി 126 മത്സരങ്ങൾ കളിച്ചിട്ടുള്ള മാൽഡീനി, 2028 വരെയുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ ഫുട്ബാൾ കരിയർ മുഴുവൻ എ.സി മിലാനിൽ ചിലവഴിച്ച താരം, ക്ലബ്ബിന് ഏഴ് സീരി എ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. മുൻപ് നാല് വർഷത്തോളം എ.സി മിലാന്റെ ടെക്നിക്കൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ നടന്ന മിലാനോ കോർട്ടീന ശൈത്യകാല ഒളിമ്പിക്സിന്റെ സംഘാടക സമിതി തലവനായിരുന്ന ജിയോവാനി മലാഗോ കഴിഞ്ഞ മാസം എഫ്.ഐ.ജി.സിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടെക്നിക്കൽ ഡയറക്ടറുടെ നിയമനം വരുന്നത്. മാൾഡീനി ഈ പദവി ഏറ്റെടുത്ത കാര്യം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മലാഗോ ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മാൽഡീനിയുടെ മുൻ മിലാൻ സഹതാരവും ബ്രസീലിയൻ ഇതിഹാസവുമായ ലിയോനാർഡോ അദ്ദേഹത്തിന്റെ ഉപദേശകനായി പ്രവർത്തിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലിലെ അപ്രതീക്ഷിത ലോകകപ്പ് യോഗ്യതാ പരാജയത്തെ തുടർന്ന് ആരാധകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഗബ്രിയേൽ ഗ്രവിന പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് ഇറ്റാലിയൻ ദേശീയ ഒളിമ്പിക് കമ്മിറ്റി മുൻ തലവൻ കൂടിയായ മലാഗോ ഈ സ്ഥാനത്തേക്ക് എത്തുന്നത്.
മാർച്ചിൽ നടന്ന ലോകകപ്പ് പ്ലേ ഓഫിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകൻ ജെന്നാരോ ഗട്ടൂസോയുമായി ഫെഡറേഷൻ വഴിപിരിഞ്ഞിരുന്നു. ഈ തോൽവിയോടെയാണ് നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് വേദിയിലെത്താൻ സാധിക്കാതെ പോയത്. അതിനാൽ, ദേശീയ ടീമിനായി പുതിയൊരു പരിശീലകനെ കണ്ടെത്തുക എന്നതാകും 58-കാരനായ മാൽഡീനിയുടെ ആദ്യത്തെ പ്രധാന ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.