കേപ് വെർഡെ; കുഞ്ഞൻ ദ്വീപല്ല, അത്ഭുതദ്വീപ്...

ഒരിക്കലൊരിടത്ത്, ഫുട്ബാൾ രാജാക്കന്മാർ വാഴുന്ന ലോകത്തേക്ക് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു കൊച്ചു ദ്വീപസമൂഹം കടന്നുവന്നു... നേർക്ക് നേർ വന്ന പല വമ്പന്മാരെയും വീഴ്ത്തിയവർ മുന്നേറുന്നു.... വെറുമൊരു മുത്തശ്ശിക്കഥ പോലെയാണ് കേപ് വെർഡെ എന്ന ആഫ്രിക്കൻ രാജ്യം ലോകകപ്പിലേക്ക് പിച്ചവെച്ചത്. അർജന്റീനയുടെ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം വരുന്ന ഒരു കുഞ്ഞു രാജ്യം. ആരും അവർക്കൊരു സാധ്യതയും കൽപ്പിച്ചിരുന്നില്ല. എന്നാൽ, പ്രതീക്ഷകളല്ല, മൈതാനത്തിറങ്ങുന്ന പതിനൊന്നു പേരുടെ ഇച്ഛാശക്തിയാണ് ഫുട്ബാൾ എന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു.

സ്പെയിനിനെയും ഉറുഗ്വെയെയും സമനിലയിൽ തളച്ച് മുന്നേറിയ ആ അത്ഭുതയാത്രയ്ക്ക് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കണ്ണീരോടെയാണ് തിരശ്ശീല വീണത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 110 മിനിറ്റോളം വീരോചിതം പൊരുതിനിന്ന ശേഷമാണ് കേപ് വെർഡെ കീഴടങ്ങിയത്. ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത ഒരു സുവർണ്ണഗാഥ രചിച്ചാണ് അവരുടെ മടക്കം.

ഈ മുത്തശ്ശിക്കഥയിലെ യഥാർത്ഥ നായകൻ കേപ് വെർഡെയുടെ വല കാത്ത നാൽപ്പതുകാരൻ വോസിഞ്ഞയായിരുന്നു. ലോകകപ്പ് വേദിയിൽ മകന്റെ ചരിത്രയാത്ര നേരിൽ കാണാൻ ആരാധകർ പണം പിരിച്ച് അമേരിക്കയിലെത്തിച്ച തന്റെ അമ്മയെ സാക്ഷിയാക്കിയാണ് അയാൾ മെസ്സിയെന്ന ഇതിഹാസത്തിന് മുന്നിൽ ഉരുക്കുകോട്ട തീർത്തത്. എട്ടു തവണ ബാലൺ ഡി ഓർ നേടിയ സാക്ഷാൽ ലയണൽ മെസ്സിയുടെ ഉറപ്പായ നാല് ഗോളുകളാണ് ആ കൈകളിൽ അവസാനിച്ചത്. 63-ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് തടഞ്ഞിട്ട വോസിഞ്ഞ, പത്ത് മിനിറ്റുകൾക്ക് ശേഷം മെസ്സിയുടെ അതിമനോഹരമായ ഫ്രീകിക്കും ഡൈവ് ചെയ്ത് അകറ്റി. എക്സ്ട്രാ ടൈമിലും വോസിഞ്ഞയുടെ അവിശ്വസനീയമായ സേവുകൾ അർജന്റീനയെ അക്ഷരാർത്ഥത്തിൽ നിരാശരാക്കി.

ലിസാൻഡ്രോ മാർട്ടിനെസിന്റെ പാസിൽ നിന്ന് വോസിഞ്ഞയുടെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് മെസ്സിയാണ് ആദ്യം അർജന്റീനയ്ക്ക് ലീഡ് നൽകിയത്. എന്നാൽ 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വെർഡെ തിരിച്ചടിച്ചു. കളി എക്സ്ട്രാ ടൈമിലേക്ക്. 92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് കേപ് വെർഡെ വീണ്ടും ഉയിർത്തെഴുന്നേറ്റത്. സിഡ്നി ലോപ്സ് കാബ്രാൾ തൊടുത്ത ആ മനോഹരമായ കർവിങ് ഷോട്ട് ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറി. സ്കോർ 2-2. ലോകചാമ്പ്യന്മാർ ശരിക്കും വിറച്ച നിമിഷങ്ങൾ. ഈ കുഞ്ഞന്മാർ ചരിത്രം തിരുത്തിയെഴുതുമെന്ന് ലോകം കരുതി.

എന്നാൽ എല്ലാ മുത്തശ്ശിക്കഥകൾക്കും എപ്പോഴും ശുഭാന്ത്യം ഉണ്ടാകണമെന്നില്ലല്ലോ. 111-ാം മിനിറ്റിൽ വിധിയുടെ രൂപത്തിൽ ആ ദുരന്തമെത്തി. ഡിനെ ബോർജസിന്റെ പിഴവിൽ പിറന്ന ഒരു ഓൺ ഗോൾ കേപ് വെർഡെയുടെ നെഞ്ചകം തകർത്തു. അർജന്റീനയ്ക്ക് 3-2ന്റെ വിജയം. അങ്ങനെ ആ സ്വപ്നയാത്രയ്ക്ക് മിയാമിയിൽ അന്ത്യമായി.

റൗണ്ട് ഓഫ് 32ൽ എത്തിയതിന് 11 മില്യൺ ഡോളറിന്റെ സമ്മാനത്തുകയുമായാണ് കേപ് വെർഡെ മടങ്ങുന്നത്. എന്നാൽ അതിനേക്കാളേറെ, കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു അട്ടിമറി വീര്യത്തിന്റെ ഓർമ്മകൾ ഫുട്ബാൾ ലോകത്തിന് സമ്മാനിച്ചാണ് ആ കുഞ്ഞുരാജ്യം പടിയിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യത്തിന്റെ ഈ പ്രകടനം വരും തലമുറകൾക്കൊരു ഇതിഹാസമായി തന്നെ നിലനിൽക്കും.

Tags:    
News Summary - Argentina Beats Cape Verde 3-2 in Thrilling Extra-Time World Cup Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.