നെയ്മർ

നെയ്മർ കളിക്കില്ല; ഹെയ്തിക്കെതിരെയും പുറത്തിരിക്കും; ബ്രസീൽ താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ല

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീലിന്‍റെ രണ്ടാം മത്സരത്തിലും സൂപ്പർതാരം നെയ്മർ കളിക്കില്ല. ഗ്രൂപ്പ് സിയിൽ ശനിയാഴ്ച പുലർച്ചെ ആറിന് ഹെയ്തിക്കെതിരെ ഫിലാഡൽഫിയയിലാണ് ബ്രസീലിന്‍റെ മത്സരം.

നെയ്മറിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ലെന്നും ഹെയ്തിക്കെതിരായ മത്സരത്തിലും താരം കളിക്കില്ലെന്നും ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. പരിക്കിൽനിന്ന് മുക്തനായ താരം ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കാനായി ന്യൂജഴ്‌സിയിൽ തന്നെ തുടരുമെന്നും സി.ബി.എഫ് പ്രസ്താവനയിൽ അറിയിച്ചു. ഒരു മാസമായി വലതു കാൽമുട്ടിനേറ്റ പരിക്കുമൂലം താരം കളത്തിനു പുറത്താണ്. ബുധനാഴ്ച ന്യൂജഴ്‌സിയിലെ മോറിസ്‌ടൗണിലുള്ള ക്ലബിന്റെ പരിശീലന ഗ്രൗണ്ടിൽ ബ്രസീലിയൻ ടീം അംഗങ്ങൾക്കൊപ്പം താരം ചേർന്നിരുന്നു.

സഹതാരങ്ങൾക്കൊപ്പം കുറച്ചുനേരം പരിശീലനം നടത്തി. ബാക്കിസമയം വിദഗ്ധ പരിശീലകനൊപ്പം പ്രത്യേകം പരിശീലനം നടത്തുകയാണ് ചെയ്തത്. നെയ്മറില്ലാതെയാണ് ടീം അടുത്ത മത്സരത്തിന് പെൻസിൽവാനിയയിലേക്ക് പോകുന്നത്. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയോട് ബ്രസീൽ 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു. നോക്കൗട്ടിലേക്ക് മുന്നേറാൻ ഇനിയുള്ള മത്സരങ്ങളിൽ കാനറികൾക്ക് ജയം അനിവാര്യമാണ്. ജൂൺ 24ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്‍റെ അവസാന മത്സരം. മേയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് 34കാരനായ നെയ്മറിന് കണങ്കാലിന് പരിക്കേൽക്കുന്നത്.

പരിക്ക് പൂർണമായി ഭേദമാകുന്നതിന് മുമ്പു തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു. മൊറോക്കോക്കെതിരായ മത്സരത്തിൽ താരം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ബൂട്ട് അണിഞ്ഞിരുന്നില്ല. നോക്കൗട്ട് ഘട്ടത്തോടെ താരം പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. മൊറോക്കോക്കെതിരായ മത്സരത്തിൽ ബ്രസീലിന്‍റെ പ്രകടനത്തിൽ നെയ്മറിനെ പോലൊരു പ്ലേ മേക്കറുടെ അഭാവം പ്രകടമായിരുന്നു.

Tags:    
News Summary - Neymar won't play for Brazil vs. Haiti World Cup match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.