ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പോടെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് പൂർണ്ണമായും വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച് ജർമനിയുടെ ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയർ. 2024-ലെ യൂറോ കപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ താല്പര്യപ്രകാരം ലോകകപ്പിനായി ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു 40-കാരനായ താരം. നോയറുടെ കരിയറിലെ തുടർച്ചയായ അഞ്ചാമത്തെ ലോകകപ്പാണിത്.
'2024-ലെ യൂറോ കപ്പിന് ശേഷം ഞാൻ എടുത്ത തീരുമാനം ശരിയായിരുന്നു. കഴിഞ്ഞ രണ്ട് വർഷം ദേശീയ ടീമിനൊപ്പം തുടരുക എന്നത് ശാരീരികമായി എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഈ ലോകകപ്പോടെ ഞാൻ പൂർണ്ണമായും പടിയിറങ്ങും. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന യൂറോ കപ്പിൽ ഞാനുണ്ടാകില്ല,' വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ നോയർ വ്യക്തമാക്കി. വിരമിക്കൽ ആഘോഷങ്ങളേക്കാൾ ഇനിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും 2014-ലെ ലോകകപ്പ് ജേതാവ് കൂട്ടിച്ചേർത്തു.
തുടക്കം ഗംഭീരമാക്കി നോയറും സംഘവും
രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞാണ് നോയർ വീണ്ടും ജർമൻ കുപ്പായമണിയുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഇ-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് (7-1) തകർത്താണ് ജർമനി തങ്ങളുടെ വരവറിയിച്ചത്. മികച്ച ഫോമിലായിരുന്ന ഒലിവർ ബൗമാനെ മറികടന്നാണ് നോയർ ലോകകപ്പിനുള്ള ഫസ്റ്റ് ചോയ്സ് കീപ്പറായി ടീമിലിടം നേടിയത്. താനും ബൗമാനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും, ടീമിന്റെ വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും നോയർ പറഞ്ഞു.
ഐവറി കോസ്റ്റിനെതിരെയാണ് ജർമനിയുടെ അടുത്ത മത്സരം. ഈ കളി വിജയിച്ചാൽ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാൻ ജർമനിക്ക് സാധിക്കും. 2018, 2022 ലോകകപ്പുകളിലെ ആദ്യ റൗണ്ടിലേറ്റ കനത്ത തിരിച്ചടികൾക്ക് ഇത്തവണ പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ടീം ഇറങ്ങിയിരിക്കുന്നത്. ഈ ലോകകപ്പ് കൂടി നേടാനായാൽ ജർമനിക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങളിൽ മുത്തമിടുന്ന ഏക താരമെന്ന ചരിത്രനേട്ടവും നോയറെ കാത്തിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.