അത്‍ലാന്റ (യു.എസ്): ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ ചെക്കിയ-ദക്ഷിണാഫ്രിക്ക കളി സമനിലയിൽ. ഓരോ ഗോൾ വീതമടിച്ചാണ് ഇരുടീമുകളും പോയന്റ് പങ്കുവെച്ചത്. ആദ്യ മത്സരങ്ങൾ േതാറ്റിരുന്ന രണ്ടു ടീമുകൾക്കും ആദ്യ പോയന്റായി.
ആറാം മിനിറ്റിൽ മൈക്കൽ സദിലെകിന്റെ ഗോളിൽ ചെക്കിയ ആണ് ലീഡെടുത്തത്. 83ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് തബോഹോ മൊകോയേനയുടെ വകയായിരുന്നു ദക്ഷിണാഫ്രിക്കയുടെ സമനില ഗോൾ. ഇരുടീമുകളും നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് തോറ്റ ചെക്കിയ മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്‍റെ പിഴവാണ് ഗോളിലെത്തിയത്. വലത് വിങ്ങിൽ നിന്നും ആദം ലോസെക് നൽകിയ ക്രോസ് അലക്‌സാണ്ടർ സോജ്‌ക തട്ടി സാദിലെകിന് നൽകി. ബോക്സിനകത്തുനിന്നു ഇടങ്കാലുകൊണ്ട് തൊടുത്ത പന്ത് ഗോൾകീപ്പറെ നിസ്സഹായനാക്കി വലകുലുക്കി. ഗോൾ വീണതോടെ ദക്ഷിണാഫ്രിക്ക ഉണർന്നുകളിച്ചു.
നീക്കങ്ങളെല്ലാം പ്രതിരോധത്തിൽ തട്ടി തെറിച്ചു. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും പന്തടക്കത്തിൽ ദക്ഷിണാഫ്രിക്ക മേധാവിത്വം പുലർത്തി. ഒടുവിൽ കളി തീരാൻ പത്തുമിനിറ്റ് ബാക്കി നിൽക്കെയാണ് ടീമിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത തബോഹോ മൊകോയേന പന്ത് അനായാസം വലയിലാക്കി. പിന്നാലെ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.