അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ മാറ്റുരയ്ക്കുന്നു. 48 ടീമുകളായി ടൂർണമെന്റ് വിപുലീകരിച്ചതോടെയാണ് കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പ് വേദിയിലേക്ക് വാതിൽ തുറന്നുകിട്ടിയത്. വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് മുതൽ മധ്യേഷ്യയും യൂറോപ്പും വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇത്തവണത്തെ ഫുട്ബാൾ മാമാങ്കത്തിന് യോഗ്യത നേടിയിട്ടുണ്ട്.
യോഗ്യത നേടിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ:
1 അൾജീരിയ
2 ബോസ്നിയ ഹെർസഗോവിന
3 ഈജിപ്ത്
4 ഇറാൻ
5 ഇറാഖ്
6 ജോർദാൻ
7 മൊറോക്കോ
8 ഖത്തർ
9 സൗദി അറേബ്യ
10 സെനഗൽ
11 ടുണീഷ്യ
12 തുർക്കി
13 ഉസ്ബക്കിസ്ഥാൻ (കൂടാതെ 43 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഐവറി കോസ്റ്റും ഇത്തവണ യോഗ്യത നേടിയിട്ടുണ്ട്).
കരുത്തരായി മൊറോക്കോയും സെനഗലും
2022 ഖത്തർ ലോകകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മൊറോക്കോയാണ് ഈ പട്ടികയിലെ ഏറ്റവും കരുത്തർ. പി.എസ്.ജി താരം അഷ്റഫ് ഹക്കീമിയുടെ നേതൃത്വത്തിലിറങ്ങുന്ന മൊറോക്കോ 2025-ലെ ഫിഫ അറബ് കപ്പ് ജേതാക്കൾ കൂടിയാണ്. ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ മുൻ നിര താരങ്ങളുമായാണ് ഇത്തവണയും എത്തുന്നത്. സൗദി അറേബ്യയിൽ കളിക്കുന്ന സൂപ്പർ താരം സാദിയോ മാനെയുടെ സാന്നിധ്യം ടീമിന് കരുത്തേകും.
അരങ്ങേറ്റവും ഐതിഹാസിക തിരിച്ചുവരവുകളും
രണ്ട് രാജ്യങ്ങളാണ് ഇത്തവണ തങ്ങളുടെ കന്നി ലോകകപ്പിനായി ബൂട്ടുകെട്ടുന്നത്. യൂറോപ്പിലെ വമ്പൻ ലീഗുകളിൽ കളിക്കുന്ന മൂസ അൽ തമാരിയുടെ ചിറകിലേറി ജോർദാൻ തങ്ങളുടെ ആദ്യ ലോകകപ്പ് പ്രവേശനം സാധ്യമാക്കിയപ്പോൾ, ലോകകപ്പ് കളിക്കുന്ന ആദ്യ മധ്യേഷ്യൻ രാജ്യമെന്ന നേട്ടം ഉസ്ബക്കിസ്ഥാൻ സ്വന്തമാക്കി. എൽദോർ ഷോമുറോദോവിന്റെ നേതൃത്വത്തിലാണ് ഉസ്ബക്കിസ്ഥാൻ ഇറങ്ങുന്നത്.
40 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാഖ് ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. 1986-ൽ മെക്സിക്കോയിലായിരുന്നു അവർ അവസാനമായി ലോകകപ്പ് കളിച്ചത്. 24 വർഷങ്ങൾക്ക് ശേഷം ഇറ്റാലിയൻ കോച്ച് വിൻസെൻസോ മൊണ്ടെല്ലയുടെ കീഴിൽ തുർക്കിയും തിരിച്ചുവരവ് നടത്തുന്നുണ്ട്. പ്ലേ ഓഫിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലിയെ അട്ടിമറിച്ചാണ് ബോസ്നിയ യോഗ്യത നേടിയത്.
രാഷ്ട്രീയ വിവാദങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും
ലോകകപ്പ് വലിയ കായിക മാമാങ്കമാണെങ്കിലും അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും കുടിയേറ്റ വിരുദ്ധതയും വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന ആദ്യ സൊമാലിയൻ റഫറിയാകാൻ തയ്യാറെടുത്തിരുന്ന ഉമർ അർതാനിന് അമേരിക്ക പ്രവേശനം നിഷേധിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്.
2022-ൽ ഖത്തറിനെതിരെ ഉയർന്ന പാശ്ചാത്യ മാധ്യമങ്ങളുടെ മനുഷ്യാവകാശ വിമർശനങ്ങൾ അമേരിക്കയുടെ കാര്യത്തിൽ ഇല്ലാത്തത് ഇരട്ടത്താപ്പാണെന്ന ആരോപണവും ശക്തമാണ്. ഇതിനുപുറമെ യു.എസുമായുള്ള യുദ്ധഭീതിയെ തുടർന്ന് ഇറാൻ ടീമിന്റെ അമേരിക്കൻ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. പ്രതിസന്ധികൾ ഒഴിവാക്കാൻ ഇറാൻ ടീമിന്റെ ബേസ് ക്യാമ്പ് മെക്സിക്കോയിലാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.