158 വർഷത്തിന് ശേഷം അരുണാചൽ പ്രദേശിൽ അപൂർവ ഹിമാലയൻ പുഷ്പം വീണ്ടും വിരിഞ്ഞു

തവാങ്: ഒന്നര നൂറ്റാണ്ടിലേറെയായി ബൊട്ടാണിക്കൽ രേഖകളിലും ഹെർബേറിയം സാമ്പിളുകളിലും മാത്രം ഒതുങ്ങിയിരുന്ന ഒരു അപൂർവ ഹിമാലയൻ സസ്യം സയാനന്തസ് ഹുക്കേരി വീണ്ടും വിരിഞ്ഞു. ഇന്ത്യയുടെ ശാസ്ത്രീയ രേഖകളിൽ നിന്ന് അപ്രത്യക്ഷമായ പർപ്പിൾ-നീല നിറത്തിലുള്ള പുഷ്പത്തെയാണ് അരുണാചൽ പ്രദേശിൽ വീണ്ടും കണ്ടെത്തിയിരിക്കുന്നത്.

അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നടത്തിയ പര്യവേക്ഷണത്തിനിടെയാണ് പുഷ്പത്തെ കണ്ടെത്തിയത്. 1867ന് ശേഷം ഇന്ത്യയിൽ നിന്ന് ഇത് അപ്രത്യക്ഷമായിരുന്നു. 158 വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഈ കണ്ടെത്തൽ ഇന്ത്യയുടെ സസ്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന ഏടായാണ് കണക്കാക്കുന്നത്. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (BSI) ഗവേഷകരായ സുധാൻശു ശേഖർ ദാഷ്, സുഭാജിത് ലാഹിരി, മോണാലിസ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇവരുടെ കണ്ടെത്തൽ അന്താരാഷ്ട്ര കൺസർവേഷൻ ജേണലായ 'ഒറിക്സിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഗോ ഗ്രാമത്തിന് സമീപമുള്ള ചുന താഴ്വരയിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,600 മീറ്റർ ഉയരത്തിലാണ് അപൂർവ പുഷ്പത്തെ കണ്ടെത്തിയത്. കഠിനമായ കാലാവസ്ഥയും വളർച്ചാ കാലയളവ് കുറവായതുമായ ഇത്തരം പ്രദേശങ്ങളിൽ മിക്ക സസ്യങ്ങൾക്കും നിലനിൽപ്പ് ദുഷ്കരമാണ്. പതിറ്റാണ്ടുകളായി കിഴക്കൻ ഹിമാലയത്തിൽ സസ്യശാസ്ത്രപരമായ പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും, 19-ാം നൂറ്റാണ്ടിന് ശേഷം ഈ സസ്യത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഭൂട്ടാൻ, നേപ്പാൾ, ടിബറ്റ്, ചൈനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ സസ്യം കണ്ടുവരുന്നുണ്ടെങ്കിലും, അരുണാചൽ പ്രദേശിൽ ഇത് ആദ്യമായാണ് കണ്ടെത്തുന്നത്.

1867-ൽ സിക്കിമിൽ നടത്തിയ ഹിമാലയൻ പര്യവേഷണത്തിനിടെ പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ സർ ജോസഫ് ഡാൾട്ടൺ ഹുക്കറാണ് ആദ്യമായി ഈ സസ്യം ശേഖരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് ആ പേര് നൽകിയത്. പുഷ്പത്തിന്‍റെ നിലനിൽപ്പ് ഇപ്പോഴും ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

കാമ്പനുലേസി അഥവാ ബെൽഫ്ലവർ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ ഔഷധസസ്യമാണിത്. ഹിമാലയത്തിലെ പാറക്കെട്ടുകൾക്കിടയിൽ വിരിയുന്ന ഇവയുടെ പൂക്കൾക്ക് പർപ്പിൾ-നീല നിറമാണ്. സസ്യത്തിന്റെ എണ്ണം വളരെ കുറവായതിനാൽ ഇതിനെ ഐ.യു.സി.എൻ (IUCN) റെഡ് ലിസ്റ്റ് പ്രകാരം 'വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ' ഉൾപ്പെടുത്തണമെന്ന് ഗവേഷകർ ശുപാർശ ചെയ്തിട്ടുണ്ട്.

കിഴക്കൻ ഹിമാലയത്തിലെ ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. അരുണാചലിലെ പല താഴ്വരകളും ഇനിയും ശാസ്ത്രീയമായി പൂർണമായി പഠിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ, അപ്രത്യക്ഷമായെന്ന് കരുതുന്ന പല സസ്യങ്ങളും ഇനിയും ഇവിടുത്തെ പർവതനിരകളിൽ നിലനിൽക്കുന്നുണ്ടാകാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. 

Tags:    
News Summary - Rare Himalayan flower blooms again in Arunachal Pradesh after 158 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.