അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന്റെ വനസംരക്ഷണ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച പട്രോൾ ആന ജോയ്‌മാല ഇനി ഓർമ്മ. 34 വർഷത്തിലേറെ ദേശീയോദ്യാനത്തിലെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സേവനമനുഷ്ഠിച്ച ജോയ്‌മാല പ്രായാധിക്യത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കൊടുവിലാണ് ചരിഞ്ഞത്. ഏകദേശം 66 വയസ്സായിരുന്നു.
1960-ൽ ജനിച്ച ജോയ്‌മാലയെ 1992-ലാണ് കാസിരംഗ ദേശീയോദ്യാനത്തിന്റെ ആനസേനയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് മൂന്ന് പതിറ്റാണ്ടിലേറെക്കാലം കാണ്ടാമൃഗങ്ങളെയും മറ്റ് വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള പട്രോളിംഗ് ദൗത്യങ്ങളിൽ അവർ സജീവമായി പങ്കെടുത്തു. വേട്ടക്കാരെ കണ്ടെത്താനും വനത്തിനുള്ളിലെ ദുഷ്കരമായ പ്രദേശങ്ങളിൽ വനപാലകരെ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ജോയ്‌മാല നിർണായക പങ്കുവഹിച്ചു. കാസിരംഗയുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ അവിഭാജ്യഘടകമായിരുന്നു ഈ ആന.
ജോയ്‌മാലയെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയ സംഭവം 2004-ലാണ് നടന്നത്. വനപട്രോളിംഗിനിടെ ഒരു കടുവ ജോയ്‌മാലയുടെ പുറത്തിന് മുകളിലൂടെ ചാടിപ്പോകുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് ആ ചിത്രം ലോകമെമ്പാടും ശ്രദ്ധനേടുകയും കസിരംഗയിലെ പട്രോൾ ആനകളുടെ ധൈര്യത്തിന്റെയും വനസംരക്ഷണ പ്രവർത്തനങ്ങളുടെയും പ്രതീകമായി മാറുകയും ചെയ്തു.
കാസിരംഗയുടെ വനസംരക്ഷണ ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ "വനയോദ്ധാക്കളിൽ" ഒരാളായിരുന്നു ജോയ്‌മാലയെന്ന് അസമിലെ വനംമന്ത്രി ജോയ്‌മാലയുടെ നിര്യാണത്തിൽ രേഖപ്പെടുത്തിയ അനുശോചനത്തിൽ പറഞ്ഞു. അനേകം വനപാലകരുടെയും പാപ്പാന്മാരുടെയും സഹയാത്രികയായിരുന്ന ജോയ്‌മാലയുടെ സേവനങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോയ്‌മാലയെ ദീർഘകാലം പരിചരിച്ചത് മുതിർന്ന പാപ്പാനായ സത്യബാൻ പെഗുവായിരുന്നു. പിന്നീട് നീലകണ്ഠ കോച്ചാണ് അവരെ പരിപാലിച്ചത്. ഇരുവരും ആനയുമായി അടുത്ത ആത്മബന്ധം പുലർത്തിയവരായിരുന്നു. അസാധാരണമായ സേവനത്തെ മാനിച്ച് കാസിരംഗ ദേശീയോദ്യാനം ജോയ്‌മാലക്ക് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി. വനവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് അവരുടെ അവസാന യാത്രയിൽ ആദരാഞ്ജലി അർപ്പിച്ചു.
ജോയ്‌മാലയുടെ പാരമ്പര്യം കാസിരംഗയിൽ അവസാനിക്കുന്നില്ല. അവരുടെ മക്കളും കൊച്ചുമക്കളും ദേശീയോദ്യാനത്തിലെ പട്രോൾ ആനകളായി സേവനമനുഷ്ഠിച്ചുകൊണ്ട് വന്യജീവി സംരക്ഷണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നു. കാസിരംഗയുടെ വിജയകരമായ സംരക്ഷണ മാതൃകക്ക് പിന്നിൽ വനപാലകരോടൊപ്പം ഇത്തരം പരിശീലനം നേടിയ ആനകളുടെയും സമർപ്പിത സേവനമാണ് വലിയ കരുത്തായതെന്ന് വനവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.