സൂര്യാസ്തമയത്തിന് ശേഷം പച്ചവെളിച്ചത്തിൽ തിളങ്ങുന്ന മെക്സിക്കോയിലെ വനങ്ങൾ; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ സൂക്ഷ്മ കൂണുകൾ

മെക്സിക്കോയിലെ ചില വനങ്ങളിൽ ഇരുട്ട് വീണുതുടങ്ങുമ്പോൾ വനത്തിലെ ചില മരങ്ങളുടെ തൊലിയും അഴുകിയ മരക്കഷ്ണങ്ങളും പച്ചനിറത്തിൽ തിളങ്ങുന്നതായി കാണാം. ആദ്യ കാഴ്ചയിൽ മരങ്ങളോ ഇലകളോ തന്നെയാണ് പ്രകാശിക്കുന്നതെന്ന് തോന്നുമെങ്കിലും, യഥാർഥത്തിൽ ഈ അപൂർവ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മരങ്ങളിൽ വളരുന്ന സൂക്ഷ്മ ബയോലുമിനസെന്റ് കൂണുകളാണ്.

മെക്സിക്കോയിലെ ഈർപ്പമുള്ള മേഘവനങ്ങളിൽ വളരുന്ന ഇത്തരം കൂൺവർഗങ്ങൾ സ്വാഭാവികമായി പ്രകാശം പുറപ്പെടുവിക്കാൻ കഴിവുള്ളവയാണ്. ഇവയുടെ ശരീരത്തിനുള്ളിൽ നടക്കുന്ന ജൈവ-രാസപ്രവർത്തനമാണ് രാത്രിയിൽ കാണുന്ന ഈ പച്ചവെളിച്ചത്തിന് കാരണം. കൂണുകളിൽ അടങ്ങിയിരിക്കുന്ന ലൂസിഫെറിൻ എന്ന രാസപദാർത്ഥം ലൂസിഫെറേസ് എന്ന എൻസൈമിന്റെ സഹായത്തോടെ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുമ്പോഴാണ് പ്രകാശം ഉത്പാദിപ്പിക്കുന്നത്.

ഈ പ്രക്രിയയിൽ ചൂട് വളരെ കുറവായതിനാൽ ഇതിനെ "തണുത്ത പ്രകാശം" എന്നും വിളിക്കുന്നു. മിന്നാമിനുങ്ങുകൾ പ്രകാശിക്കുന്നതും സമാനമായ ജൈവപ്രവർത്തനത്തിലൂടെയാണ്. രാത്രിയിൽ വനത്തിലൂടെ സഞ്ചരിക്കുന്നവർക്ക് ഇത്തരം കൂണുകൾ മരക്കഷ്ണങ്ങളിലും വീണുകിടക്കുന്ന തടികളിലും പച്ചനിറത്തിൽ തിളങ്ങുന്നത്കൊണ്ടുതന്നെ ഇവയെ ഇംഗ്ലീഷിൽ "ഗോസ്റ്റ് ഫംഗ്" അഥവാ "ഫോക്സ്ഫയർ" എന്ന പേരുകളിലും വിശേഷിപ്പിക്കാറുണ്ട്.

ഈ കൂണുകൾ എന്തിനാണ് പ്രകാശം പുറപ്പെടുവിക്കുന്നത് എന്നതിന് ശാസ്ത്രലോകത്തും വ്യക്തമായ ഉത്തരമില്ല.എന്നിരുന്നാലും പൊതുവെയുളള നിഗമനം രാത്രിയിൽ സജീവമായ പ്രാണികളെയും ചെറുജീവികളെയും ആകർഷിക്കാനാണ് കൂണുകൾ പ്രകാശിക്കുന്നതെന്നാണ്. ഇവ കൂണുകളുടെ ബീജാണുക്കൾ മറ്റിടങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നതിനാൽ അവയുടെ വ്യാപനത്തിനും പുതിയ പ്രദേശങ്ങളിൽ വളരുന്നതിനും ഇത് സഹായകരമാകുന്നു.

പ്രാചീന ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ പോലും അഴുകിയ മരങ്ങളിൽ നിന്ന് പുറപ്പെടുന്ന പ്രകാശിക്കുന്ന കൂണുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കോയിലെ വനങ്ങളിൽ നടത്തിയ പുതിയ പഠനങ്ങളിൽ നിരവധി അപൂർവ സ്പീഷീസുകളെ പിന്നീട് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലത് ശാസ്ത്രലോകത്തിന് മുമ്പ് പരിചിതമല്ലാത്ത പുതിയ ഇനങ്ങളായിരിക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു.

ഇത്തരം ബയോലുമിനസെന്റ് ജീവികളെക്കുറിച്ചുള്ള പഠനം പ്രകൃതിയുടെ അത്ഭുതങ്ങൾ മനസ്സിലാക്കാൻ മാത്രമല്ല, വൈദ്യശാസ്ത്രം, ബയോടെക്നോളജി, പരിസ്ഥിതി ഗവേഷണം, ജൈവസൂചക സാങ്കേതികവിദ്യകൾ എന്നിവക്കും പുതിയ സാധ്യതകൾ തുറക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും മൂലം ഇത്തരം അപൂർവ കൂൺവർഗങ്ങളുടെ ആവാസവ്യവസ്ഥകൾ ഭീഷണിയിലാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ മെക്സിക്കോയിലെ ഈ വനങ്ങളും അവയിലെ ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവർ പറയുന്നു.

Tags:    
News Summary - Mexico's forests glow with green light after sunset; microscopic mushrooms behind the strange phenomenon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.