ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി 2026; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന
ന്യൂഡൽഹി: ഏറ്റവും ചൂടേറിയ നാല് വർഷങ്ങളിലൊന്നായി 2026 മാറുമെന്ന് ലോക കാലാവസ്ഥ സംഘടനയുടെ (ഡബ്ല്യു.എം.ഒ) റിപ്പോർട്ട്. 2023, 2024, 2025, 2026 വർഷങ്ങളാണ് 177 വർഷത്തെ കാലാവസ്ഥ നിരീക്ഷണ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങൾ. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ആഗോള ശരാശരി താപനില വ്യവസായവത്കരണത്തിന് മുമ്പുള്ള കാലഘട്ടത്തെ (1850-1900) അപേക്ഷിച്ച് 1.47 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ലെയും 2023ലെയും മുഴുവൻ വർഷത്തെ ശരാശരി താപനിലയേക്കാൾ കൂടുതലാണിത്.
രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായ 2024ലെ ശരാശരിയേക്കാൾ നേരിയ തോതിൽ മാത്രമാണ് കുറവ്. ആഗസ്റ്റ് മുതൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന എൽനിനോ പ്രതിഭാസം കാരണം 2026 അവസാനിക്കുമ്പോഴേക്കും ആഗോള താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഡിസംബറോടെ എൽനിനോ റെക്കോഡ് ശക്തിയിലെത്തുമെന്നാണ് പ്രവചനമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തുർക്കിയയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയായ കോപ്-31ന്റെ ആദ്യദിനമാണ് ലോക കാലാവസ്ഥാ സംഘടന ‘സ്റ്റേറ്റ് ഓഫ് ദ ക്ലൈമറ്റ്’ റിപ്പോർട്ട് പുറത്തുവിട്ടത്.
2026 ഏപ്രിലിൽ ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗത്തിൽ ഏകദേശം 14.65 കോടി പേർ അതിതീവ്ര ചൂടിന് വിധേയരായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ അതിതീവ്രതയുടെ പുതിയ കാലഘട്ടത്തിലേക്കാണ് ലോകം കടന്നിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു. കാലാവസ്ഥ റെക്കോഡുകൾ തുടർച്ചയായി തകരുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളും വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.