ചരിത്രം കുറിച്ചു ഭൂ’26; ഇന്ത്യയിലെ ആദ്യ മണ്ണുകൊണ്ടുള്ള 3ഡി പ്രിന്റിങ് ശിൽപ്പശാല

തിരുവനന്തപുരം: നിർമ്മാണ വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യത്തിനും ഊർജ്ജ പ്രതിസന്ധിക്കും പരിഹാരമായി അത്യാധുനിക 'എർത്ത് 3ഡി പ്രിന്റിങ്' സാങ്കേതികവിദ്യയുമായി ഉർവി ഫൗണ്ടേഷൻ. 'ഭൂ 26' ഫെസ്റ്റിവൽ ഓഫ് എർത്ത് ആർക്കിടെക്ചറിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ മണ്ണ് 3ഡി പ്രിന്റിങ് ശില്പശാല ഡൗൺ ടു എർത്ത് വില്ലേജിൽ സമാപിച്ചു. പ്രകൃതി സൗഹൃദ നിർമ്മാണ രീതികളെ ഡിജിറ്റൽ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന പുതിയ പരീക്ഷണത്തിനാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്.

നിലവിൽ സിമന്റും കോൺക്രീറ്റും ഉപയോഗിച്ച് നടത്തിവരുന്ന 3ഡി പ്രിന്റിങ് രീതിക്ക് പകരമായി അതത് പ്രദേശങ്ങളിൽ ലഭ്യമായ മണ്ണ് ഉപയോഗിച്ച് എങ്ങനെ ഈടുറ്റ കെട്ടിടങ്ങൾ നിർമ്മിക്കാം എന്നതാണ് ശില്പശാലയിൽ പ്രദർശിപ്പിച്ചത്. നിർമ്മാണ ചുവരുകൾക്കിടയിലെ വിടവുകൾ കെട്ടിടത്തിനുള്ളിലെ ചൂട് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. മാസങ്ങൾ നീളുന്ന നിർമ്മാണ ജോലികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന് മുന്നിലുള്ള മികച്ച കരുതലാണിതെന്ന് ഫെസ്റ്റിവൽ അഡ്വൈസറും പത്മശ്രീ ജേതാവുമായ ആർക്കിടെക്ട് ജി. ശങ്കർ അഭിപ്രായപ്പെട്ടു. മഴക്കാലത്തെ പ്രകൃതി ദുരന്തങ്ങളെ തുടർന്നുണ്ടാകുന്ന അടിയന്തര പുനരധിവാസ പദ്ധതികൾക്ക് ഈ സാങ്കേതികവിദ്യ വലിയ മുതൽക്കൂട്ടാകും.

ഉർവി ഫൗണ്ടേഷൻ ചെയർമാൻ ആർക്കിടെക്ട് ഹസൻ നസീഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ ആർക്കിടെക്റ്റുമാരായ ചിത്ര വിശ്വനാഥ്, സത്യപ്രകാശ് വരാണസി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. എൻജിനീയർ മുഹമ്മദ് യാസിർ, ആർക്കിടെക്ട് റോഹിത് എന്നിവർ ഡിസൈൻ പാരാമീറ്ററുകൾ വിശദീകരിച്ചു. നാസ ഇന്ത്യ, വി.ഐ.ടി, കോ എർത്ത്, സ്റ്റോറി സ്കേപ്സ് എന്നിവയുടെ പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന 'സ്റ്റോൺ ഫ്രീ മൂവ്‌മെന്റ്' എക്സിബിഷനും ശ്രദ്ധേയമായി.

Tags:    
News Summary - Bhu'26 makes history; India's first 3D printing workshop using soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.