തലേന്ന് ചിരിച്ചതിന്റെ നൂറിരട്ടി വേദനയിൽ കലാഭവൻ മണി കരയുന്നത് കണ്ടു -വിനയൻ

 നടൻ കലാഭവൻ മണിയെ കുറിച്ച് ഹൃദയസ്പർശിയായി കുറിപ്പുമായി സംവിധായകൻ വിനയൻ. 2000 ലെ ദേശീയ പുരസ്കാര പ്രഖ്യാപനത്തെ തുടർന്ന് നടൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരമാണ്  ലഭിച്ചത്.

വളരെ വേഗം കരയുകയും, ചെറിയ കാര്യങ്ങള്‍ക്ക് പോലും സന്തോഷിക്കുകയും ചെയുന്ന വ്യക്തിയായിരുന്നു മണി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ അവാര്‍ഡ് ലഭിച്ചിരുന്നില്ല. അവാർഡു പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ, അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നത് കണ്ടു. അതു കണ്ടപ്പോൾ വല്ലാതെ പതറിപ്പോയിപ്പോയി എന്നാണ് വിനയൻ പറയുന്നത്.

വിനയന്റെ വാക്കുകൾ:

ഈ ജീവിതയാത്രയിലെ ഓർമച്ചിന്തുകൾ കുത്തിക്കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളിൽ കുറച്ചു സമയം ആ എഴുത്തുകൾക്കായി മാറ്റിവയ്ക്കാറുണ്ട്.. അതിൽ നിന്നും ചില വരികൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു.

കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ ഇന്നെന്റെ കണ്ണു നിറഞ്ഞു പോയി എന്നതാണു സത്യം. ചെറുപ്പത്തിൽ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോൾ വളരെ വേഗം പൊട്ടിക്കരയുകയും ചെറിയ സന്തോഷങ്ങളിൽ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു മണി. ആ മണി 2000 ലെ നാഷനൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്കു സ്പെഷൽ ജൂറി അവാർഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോൾ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാർഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല. ചിലരൊക്കെ അതു തമാശയാക്കി എടുത്തു ചിലരൊക്കെ മണിയെ കളിയാക്കി..

വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ഒരു കൊച്ചു സിനിമ കേരളത്തിൽ സൂപ്പർഹിറ്റായി ഓടിയപ്പോൾ മണിക്ക് അവാർഡ് ലഭിക്കും എന്നൊക്കെ അയാളെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ നമ്മുടെ സിനിമകളൊന്നും അവാർഡിലേക്കു പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട. നമ്മളാ ജെനുസിൽ പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രുപത്തിൽ ഞാൻ പറയുമായിരുന്നു. പിന്നെ അദ്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാൻ ആ കമ്മിറ്റിയിൽ ആരെങ്കിലും ഉണ്ടായാൽ അതു ഭാഗ്യം എന്നും ഞാൻ പറഞ്ഞിരുന്നു. മണിയുടെ തന്നെ കരുമാടിക്കുട്ടനും, പക്രുവിന്റെ അത്ഭുതദ്വീപിനും ഒക്കെ ഇത്തരം രസകരമായ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാൻ പോയിട്ടുമില്ല.കാരണം നമ്മളാ ജെനുസ്സിൽ പെട്ട ആളല്ലല്ലോ?

2000 ലെ ദേശീയ അവാർഡ് സമയത്ത് ചാലക്കുടിയിൽ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനൽ അനൗൺസ്മെന്റ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിർബന്ധപൂർവം ഞാൻ മണിയോടു പറഞ്ഞെങ്കിലും ‘എന്റെ അവാർഡ് ഉറപ്പാ സാറെ.. എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ..അതു സത്യമാ സാറെ.. സാറൊന്ന് ചിരിക്ക്’’ എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല...

പക്ഷേ എന്റെ മനസ് പറഞ്ഞപോലെ തന്നെ മണിക്കു അവാർഡു കിട്ടിയില്ല. ആശ്വാസ അവാർഡ് പോലെ സ്പെഷൽ ജൂറി അവാർഡും. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡും ആ സിനിമയ്ക്കു തന്നു. ആ അവാർഡു പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ച അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോൾ ഞാനും വല്ലാതെ പതറിപ്പോയി.. എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാർഥ ചിത്രവും ഒക്കെ എന്റെ ഓർമക്കുറിപ്പുകളിൽ പിന്നീടു നിങ്ങൾക്കു വായിക്കാം.

Tags:    
News Summary - Vinayan Write Heart Touching Note About Kalabhavan Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.