എച്ച്. വിനോദിന്‍റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമ ജനനായകന്‍റെ കഥയും റൺടൈമും സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഡിസംബർ 27 ന് മലേഷ്യയിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടക്കാനിരിക്കെ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.
സിനിമാ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജനനായകൻ ഏകദേശം 3 മണിക്കൂറും 6 മിനിറ്റും ദൈർഘ്യമുള്ള ചിത്രമാണ്. ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നൻപൻ എന്ന ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. എന്നാൽ ഇതുസംബന്ധിച്ച് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
സിനിമയുടെ കഥയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് കാരണമായിരുന്നത്. ജനങ്ങൾക്കുവേണ്ടി പോരാടുന്ന നായകനും അധികാരത്തിലൂടെ ശക്തി പ്രാപിക്കുന്ന വില്ലനും, ഒരിക്കൽ കണ്ടുമുട്ടിയ അവരുടെ വഴികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കൂട്ടിമുട്ടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഭഗവന്ത് കേസരിയിൽ നിന്ന് വ്യത്യസ്തമാണെന്നാണ്. നന്ദമുരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് അവകാശപ്പെടുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. നേരത്തെ ജനനായകൻ ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത് അണിയറപ്രവർത്തകർ നിഷേധിച്ചിരുന്നു. പ്രസ്തുത സിനിമയിലെ ഒരു രംഗം ചിത്രത്തിൽ റിമേക്ക് ചെയ്യുന്നുണ്ടെന്നും കുട്ടികൾക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചുകൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉൾപ്പെടുന്ന രംഗമാണ് ജനനായകനിൽ വിജയ് പുനസൃഷ്ടിക്കുകയെന്നും മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗം 4.5 കോടിക്കാണ് പകർപ്പവകാശം ടീം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പൂജ ഹെഗ്‌ഡെ നായികയായി എത്തുമ്പോൾ ബോബി ഡിയോൾ ശക്തമായ നെഗറ്റീവ് റോളിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ട് ഉണ്ട്. കൂടാതെ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആറ്റ്‌ലി, നെൽസൺ ദിലീപ്കുമാർ, ലോകേഷ് കനകരാജ് എന്നിവർ അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 2026ൽ പൊങ്കൽ ലക്ഷ്യമിട്ട് വരുന്ന ജനനായകൻ ശിവകാർത്തികേയന്റെ 'പരാശക്തി'യുമായി ബോക്‌സ് ഓഫീസ് ഏറ്റുമുട്ടുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.