'ബാംഗ്ലൂർ ഡേയ്സിന്' ശേഷം ഒന്നിക്കാൻ നിവിനും ദുൽഖറും; പുതിയ ചിത്രത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ നിവിൻ പോളിയും ദുൽഖർ സൽമാനും ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിക്കുന്നതിനെ പറ്റിയുള്ള സൂചന നൽകി നിവിൻ പോളി. ഇരുതാരങ്ങളും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിനായി ചർച്ചകൾ ആരംഭിച്ചതായി നിവിൻ പോളി വെളിപ്പെടുത്തി. അഞ്ജലി മേനോന്റെ 'ബാംഗ്ലൂർ ഡേയ്സ്', ലാൽ ജോസിന്റെ 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുതാരങ്ങളും വീണ്ടും ഒരുമിക്കുന്നത്.

'ക്യൂ സ്റ്റുഡിയോ'ക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളി ഈ വിവരങ്ങൾ പങ്കുവെച്ചത്. അടുത്തിടെ നടന്ന ഒരു അവാർഡ് നിശയിലാണ് വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതെന്ന് നിവിൻ പറഞ്ഞു. ഓഗസ്റ്റ് 21-ന് റിലീസ് ചെയ്ത നിവിന്റെ പുതിയ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ വിജയത്തിന് ശേഷം ദുൽഖർ വിളിച്ച് അഭിനന്ദിച്ചിരുന്നു. അടുത്ത ഓണത്തിന് തിയേറ്ററുകളിൽ എത്തിക്കാൻ പാകത്തിലുള്ള മികച്ചൊരു തിരക്കഥ കണ്ടെത്താൻ ദുൽഖർ താൽപ്പര്യം പ്രകടിപ്പിച്ചതായും നിവിൻ വ്യക്തമാക്കി.

"ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ വലിയ ആഗ്രഹമുണ്ട്. ഇരുവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന നല്ലൊരു തിരക്കഥയും പ്രോജക്ടിനായി സമയവും താൽപ്പര്യവുമുള്ള ഒരു സംവിധായകനെയുമാണ് ഇനി കണ്ടെത്തേണ്ടത്," നിവിൻ കൂട്ടിച്ചേർത്തു.

അതേസമയം, നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ആക്ഷൻ ത്രില്ലറാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ദുൽഖർ സൽമാൻ ചിത്രം. സെപ്റ്റംബർ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Tags:    
News Summary - Nivin Pauly and Dulquer Salmaan to Reunite After a Decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.