രജനി കാന്ത്, വിദ്യ ബാലൻ
നെൽസൺ ദിലീപ്കുമാറിന്‍റെ സംവിധാനത്തിൽ രജനീകാന്ത് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ജയിലർ. ലോകമെമ്പാടുമായി ഏകദേശം 650ഓളം കോടി രൂപ കളക്ഷൻ നേടിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറി. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം ഇപ്പോഴിതാ ജയിലർ രണ്ടാം ഭാഗം തിയറ്ററുകൾ കീഴടക്കാൻ ഒരുങ്ങുകയാണ്. എന്നാൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ആരാധകരെ ആകാംക്ഷയിൽ നിർത്തുന്ന ചില വാർത്തകളാണിപ്പോൾ പുറത്തു വരുന്നത്. ബോളിവുഡി സൂപ്പർ നായിക വിദ്യ ബാലൻ ജയിലറിന്‍റെ ഭാഗമാകുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
'വിദ്യാ ബാലൻ ജയിലർ 2 വിൽ ഒപ്പുവച്ചു. തിരക്കഥയിൽ പൂർണ്ണ സന്തുഷ്ടയാണ് താരം. വളരെ ശക്തമായൊരു കഥാപാത്രത്തിലാവും വിദ്യ എത്തുക എന്നാണ് നിഗമനം. അവരുടെ സാന്നിധ്യം സിനിമയുടെ തീവ്രത വർദ്ധിപ്പിക്കുകയും ജയിലർ 2 ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അവരെ മാറ്റുകയും ചെയ്യും' പിങ്ക് വില്ലക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. 2026 ഓഗസ്റ്റ് 14 ന് ചിത്രം തിയറ്ററിൽ എത്തും. ജയിലറിന്‍റെ ആദ്യ ഭാഗവും ആഗസ്റ്റിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. അതേ വിജയം തന്നെ രണ്ടാം ഭാഗത്തിനും പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ അറിയിച്ചു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് സൺ പിക്ചേഴ്സ് നിർമിക്കുന്ന ജയിലർ 2 ൽ രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹൻലാൽ, ശിവ രാജ്കുമാർ, നന്ദമുരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുടെ അതിഥി വേഷങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇതിനിടയിൽ ആദ്യ ഭാഗത്തിൽ മരിച്ച വിനായകന്‍റെ കഥാപാത്രം രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് താരം തന്നെ നേരെത്തെ പ്രഖ്യാപിച്ചിരുന്നു. അത് എങ്ങനെയാണെന്ന കൗതുകം നിരവധി ആരാധകർ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.