ട്രാൻസ് വുമൺ നേഹ നായികയായ 'അന്തരം' ഒ.ടി.ടിയിലേക്ക്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ 'അന്തരം' മനോരമ മാക്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് അന്തരത്തിന്റെ ഇതിവൃത്തം. നവംബർ 15മാണ് റിലീസ്.

ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ മുറ, എസ്. ദുര്‍ഗ്ഗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് നായകന്‍.

'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ. രേവതിയും ട്രാൻസ്മാൻ വിഹാൻ പീതാംബറും അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബർ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമാണം. സഹനിർമാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്, തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ .മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാർ . പി.ആർ ഒ - പി.ആർ.സുമേരൻ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

Tags:    
News Summary - Trans woman Neha's Antharam to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.