യാഷ്
യാഷിന്റെ ജന്മദിനത്തിൽ ടോക്സികിന്‍റെ ടീസർ റിലീസ് ചെയ്ത് നിർമാതാക്കൾ. ശക്തവും ഗംഭീരവുമായ ഒരു കഥാപാത്രമായ യാഷിന്‍റെ റായയുടെ കാരക്ടർ മുന്നറിയിപ്പാണ് ടീസറിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. 'ഇത് ഒരു ആഘോഷ ടീസറല്ല, ഇത് ഒരു മുന്നറിയിപ്പാണ്' എന്നാണ് നിർമാതാക്കൾ കുറിച്ചത്. കെ.ജി.എഫ് 2ന്‍റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം യാഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്സിക്. നാലു വർഷത്തത്തെ കാത്തിരുപ്പിനൊടുവിൽ താരത്തെ വീണ്ടും സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് യാഷ് ആരാധകർ.
ആക്ഷൻ രംഗങ്ങളിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഷോട്ടുകൾ ചിത്രത്തിൽ ഉണ്ടെന്ന സൂചനയാണ് ടീസർ നൽകുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നീ മുൻനിര നായികമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അഭിനയ മികവുകൊണ്ടും ആരാധക പിന്തുണകൊണ്ടും ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം ഉറപ്പിച്ച താരമാണ് യാഷ്. ഒരുകാലത്ത് ധൈര്യത്തോടെ ഏറ്റെടുത്ത പല പദ്ധതികളും പിന്നീട് ചരിത്രവിജയങ്ങളായി മാറ്റിയതാണ് അദ്ദേഹത്തിന്റെ യാത്ര. ടോക്സിക് ആ പാരമ്പര്യം തുടരും എന്നാണ് പ്രതീക്ഷ. ചിത്രത്തിൽ നടൻ, സഹ-തിരക്കഥാകൃത്ത്, സഹ-നിർമാതാവ് എന്നീ നിലകളിൽ യാഷ് പ്രവർത്തിക്കുന്നുണ്ട്.
ആക്ഷൻകൊണ്ടും മേക്കിങ് കൊണ്ടും കഥാമുഹൂർത്തങ്ങൾകൊണ്ടും സമ്പന്നമായൊരു തിയറ്ററിക്കൽ എക്സ്പീരിയൻസ് ആയിരിക്കും ടോക്സിക് എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വിവരം. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെ.ജി.എഫ് ചിത്രത്തിൽ യാഷുമായി മുൻകാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ഉജ്വൽ കുൽക്കർണിയാണ്. പ്രൊഡക്ഷൻ ഡിസൈനിന്റെ ചുമതല ടി.പി. ആബിദിനാണ്.
ജോൺ വിക്കിലെ പ്രവർത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്ന് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച ടോക്സിക് ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യപ്പെടും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.