തഗ് ലൈഫ്: താരങ്ങളുടെ പ്രതിഫലക്കണക്ക് പുറത്തുവന്നു; ത്രിഷക്ക് മൂന്നിരട്ടി കൂടുതൽ, സിമ്പുവിന്‍റെ പ്രതിഫലത്തിൽ റെക്കോർഡ്

കമൽഹാസൻ-മണിരത്‌നം ടീമിന്റെ പുതിയ ചിത്രം തഗ് ലൈഫ് തിയേറ്ററുകളിൽ തണുപ്പൻ പ്രതികരണമാണ് കാഴ്ചവെക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടെ താരങ്ങളുടെ പ്രതിഫലകണക്ക് പുറത്തുവന്നു. വലിയ താരനിരയാണ് സിനിമയുടെ ഭാഗമായതെങ്കിലും ആദ്യ ദിനം വെറും 17 കോടി രൂപക്കടുത്ത് മാത്രമാണ് സിനിമക്ക് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപ മാത്രമേ ഇതുവരെ നേടാനായിട്ടുള്ളു.

180 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നടന്‍ സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പുവിന്‍റെ പ്രതിഫലം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുന്‍ ചിത്രത്തിലെ അഭിനയത്തിന് തൃഷക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്. നാല് കോടി രൂപ ആയിരുന്നു ഗുഡ് ബാഡ് അഗ്ലിക്കായി തൃഷ വാങ്ങിയത്.

ജോജു ജോര്‍ജിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. 50 ലക്ഷമാണ് അഭിരാമിക്ക് ലഭിച്ച പ്രതിഫലം. അതേസമയം, കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു. തുടർന്ന് സിനിമ കർണാടകയിൽ പ്രദർശിപ്പിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.