തന്റെ പുതിയ ചിത്രം ‘പരാശക്തി’യും ദളപതി വിജയ് അഭിനയിക്കുന്ന ‘ജനനായകൻ’നും ഒരേ സമയം റിലീസ് ചെയ്യാനൊരുങ്ങുന്ന വിവരം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയതായി ശിവകാർത്തികേയന്‍റെ വെളിപ്പെടുത്തൽ. പരാശക്തിയുടെ പ്രി റിലീസ് ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് ശിവകാർത്തികേയൻ ഓഡിയോ ലോഞ്ചിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
നേരത്തെ പരാശക്തി കഴിഞ്ഞവർഷത്തെ ദീപാവലിക്ക് റിലീസ് ചെയ്യാനിരുന്നതാണ്. വിജയ് ചിത്രവുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് റിലീസ് തീയതി മാറ്റിയതെന്നും ശിവകാർത്തികേയൻ പറഞ്ഞു. എന്നാൽ പിന്നീട് ജനനായകന്‍റെ റിലീസ് പൊങ്കലിലേക്ക് മാറ്റിയതോടെ തങ്ങളുടെ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് മാറ്റാൻ സാധിക്കാതെ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകരുമായുള്ള കരാറുകളും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കാരണം റിലീസ് ഡേറ്റ് വീണ്ടും മാറ്റുക പ്രായോഗികമല്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിജയ്‌യുടെ മാനേജരുമായി നേരിട്ട് സംസാരിച്ചതായും ശിവകാർത്തികേയൻ വെളിപ്പെടുത്തി. ഇതിന് വിജയ് നൽകിയ മറുപടി തന്നെ ആശ്ചര്യപ്പെടുത്തി. “പൊങ്കൽ സമയത്ത് രണ്ട് ചിത്രങ്ങൾക്കും ഒരുപോലെ പ്രേക്ഷകരുടെ പിന്തുണ ലഭിക്കും” എന്നായിരുന്നു വിജയ് അറിയിച്ചതെന്നും പരാശക്തിക്ക് ആശംസകൾ നേർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാന സിനിമയെന്ന നിലയിൽ ജനനായകൻ വലിയ പ്രാധാന്യമുള്ള ചിത്രമാണെന്നും ആരാധകർ രണ്ട് ചിത്രങ്ങളും ആസ്വദിക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും ശിവകാർത്തികേയൻ പറഞ്ഞു. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 9ന് ജനനായകൻ റിലീസ് ചെയ്യുമ്പോൾ അതിന് തൊട്ടടുത്ത ദിവസം ജനുവരി 10ന് പരാശക്തി തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.