ലൂസിഫറിലെ പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി! പിന്നാലെ എമ്പുരാനിലെത്തി സുരാജും! കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്ത്

ഏറെ പ്രതീക്ഷകളോടെ മലയാളികൾ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെ എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്ററിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മാർച്ച് 27ന് തിയറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്ററുകൾ കുറച്ചുനാളുകളായി പുറത്തെത്തുന്നുണ്ട്. ഒരുപാട് ആവേശത്തോടെയാണ് ആരാധകർ ഇത് സ്വീകരിക്കുന്നത്. വീഡിയോ ആയാണ് കഥപാത്രങ്ങളുടെ പട്ടിക എമ്പുരാന്‍റെ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.

ഏറ്റവും ഒടുവിൽ സുരാജ് വെഞ്ഞാറമൂടിന്‍റെ 'സജനചന്ദ്രൻ' എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തെത്തിയത്. ലൂസിഫറിൽ ഇല്ലാതിരുന്ന സുരാജ് എമ്പുരാനിലെത്തുന്ന പുതിയ കഥാപാത്രമാണ്. എമ്പുരാന്‍റെ ക്യാരക്‌ടർ റിവീലിങ് വീഡിയോയിൽ താൻ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്.

'ഞാനും രാജുവും ഒരുമിച്ച് അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചിട്ട് ഒരിക്കൽ ഞാൻ രാജുവിനോട് ലൂസിഫറിനെ കുറിച്ച് സംസാരിച്ചു. 'രാജൂ, ലൂസിഫർ ഞാൻ കണ്ടു. എനിക്ക് പടം ഇഷ്ടമായി' എന്നായിരുന്നു പറഞ്ഞത്. ഒരുപാട് ആളുകൾ പറയുന്ന കാര്യമാണ് അത്. എങ്കിലും രാജു 'താങ്ക്യൂ അണ്ണാ' എന്ന് പറഞ്ഞു.

പക്ഷെ ലൂസിഫറിൽ ആരും ശ്രദ്ധിക്കാത്ത ഒരു മിസ്റ്റേക്ക് അല്ലെങ്കിൽ ഒരു കുറവ് ഞാൻ കണ്ടുപിടിച്ചുവെന്നും രാജുവിനോട് നീ അത് ശ്രദ്ധിച്ചിട്ടുണ്ടോയെന്നും ഞാൻ ചോദിച്ചു. പുള്ളി ഒന്ന് ഞെട്ടി, എന്നിട്ട് അത് ആലോച്ചിച്ച് ഇല്ല അണ്ണ എന്താണ് ആ മിസ്റ്റേക്ക് എന്ന് ചോദിച്ചു. 'അങ്ങനെയൊന്നും വരാൻ വഴിയില്ലല്ലോ' എന്ന് പറഞ്ഞു അവന് ആ കുറവ് എന്താണെന്ന് അറിയാൻ ക്യൂരിയോസിറ്റിയായി.

എന്താണ് ആ കുറവ്? എന്ന് അവൻ എന്നോട് ചോദിച്ചു. ഞാൻ ഉടനെ അവന് അതിന് മറുപടി കൊടുത്തു. വേറെയൊന്നുമല്ല, ലൂസിഫർ എന്ന സിനിമയിൽ ഞാനില്ല എന്നത് ഒരു വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് നന്നായി ഫീൽ ചെയ്യാൻ സാധിച്ചു എന്ന് ഞാൻ പറഞ്ഞു.

അതുകേട്ടതും രാജു ഉടനെ ഉറക്കെ പൊട്ടിച്ചിരിച്ചു. 'ഓ അതായിരുന്നു അല്ലേ. ശരിയാണ് അണ്ണാ. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്' എന്ന് പറഞ്ഞു. എന്തായാലും അതിന്‍റെ സെക്കൻ്റ് പാർട്ടായിട്ട് എമ്പുരാൻ വരുമല്ലോ. എമ്പുരാനിൽ ആ കുറവ് ഉറപ്പായിട്ടും നികത്തിയിരിക്കണമെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു.


Full View

അപ്പോൾ രാജു എന്നോട് 'തീർച്ചയായിട്ടും. എമ്പുരാനിൽ ഞാൻ ആ കുറവ് നികത്തും' എന്ന് പറഞ്ഞു. അങ്ങനെ കുറേനാളിന് ശേഷം എനിക്ക് രാജുവിൽ നിന്നൊരു ഫോൺ കോൾ വന്നു. 'അണ്ണാ ആ കുറവ് ഞാൻ അങ്ങോട്ട് നികത്തുകയാണ്' എന്നായിരുന്നു രാജു പറഞ്ഞത്. അങ്ങനെ രാജു ഞാൻ പറഞ്ഞത് പോലെ എമ്പുരാനിൽ ആ കുറവ് നികത്തി. എന്റെ കഥാപാത്രത്തിന്‍റെ പേര് സജനചന്ദ്രൻ എന്നാണ്. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന നേതാവാണ് ഞാൻ. വരുന്ന മാർച്ച് 27ന് എമ്പുരാൻ തിയേറ്ററുകളിൽ എത്തും. 27 മുതൽ എമ്പുരാൻ സംസാരിക്കട്ടെ,' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Tags:    
News Summary - Suraaj shares how he got role in empuraan in his character revealing poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.