ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. 2021ലെ കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കങ്കണക്കെതിരെ കേസ് വന്നത്. കങ്കണയുടേത് ഒരു റീട്വീറ്റ് മാത്രമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.
പഞ്ചാബിലെ ബാത്തിൻഡയിൽ നിന്നുള്ള 73കാരിയായ മഹീന്ദർ കൗറിന്റെ പരാതിയിലാണ് കങ്കണക്കെതിരെ മാനനഷ്ട കേസ് വന്നത്. മഹീന്ദ കൗറിനെ സി.എ.എക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തയാളായി കങ്കണ എക്സിലൂടെ ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് അവർ പരാതി നൽകിയത്. 100 രൂപ നൽകി കൗറിനെ പ്രതിഷേധക്കാർ വാടകക്കെടുക്കുകയായിരുന്നുവെന്നും കങ്കണ ആരോപിച്ചു.
കങ്കണക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥിന്റേയും സന്ദീപ് മേത്തയുടേയും മുമ്പാകെ വാദിച്ചു. എന്നാൽ, ഈ വാദം അംഗീകരിക്കാൻ കോടതി തയാറായില്ല. തുടർന്ന് ഹരജി പിൻവലിക്കുകയാണെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം പഞ്ചാബ്-ഹരിയാന ഹൈകോടതിയും കേസുമായി ബന്ധപ്പെട്ട കങ്കണയുടെ അപ്പീൽ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന ബാത്തിൻഡ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് കങ്കണ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.