മരട്: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തെന്ന വാർത്ത തള്ളി നടനും നിർമാതാവുമായ സൗബിൻ ഷാഹിർ. രണ്ടാം ദിവസം മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗബിൻ.
പരാതിക്കാരന് ലാഭവിഹിതം നൽകാൻ തങ്ങൾ തയാറായിരുന്നു. കണക്കുകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെ. മുടക്ക് മുതൽ മൊത്തം കൊടുത്തിട്ടുണ്ട്. ലാഭം പിന്നീട് കൊടുക്കാൻ മാറ്റിവെച്ചു. പക്ഷെ, അവർ പറയുന്ന കണക്ക് കറക്ടല്ല- സൗബിൻ വ്യക്തമാക്കി.
മുൻകൂർ ജാമ്യം നൽകിയപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ കോടതി വ്യവസ്ഥ ചെയ്തിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നുവെന്നും സൗബിൻ പറഞ്ഞു.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ മുടക്കിയ ശേഷം ലാഭവിഹിതവും മുടക്കുമുതലും ലഭിച്ചില്ലെന്ന് ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് ആണ് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ രണ്ടാം ദിവസവും മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. വൈകീട്ട് അഞ്ചു മണിയോടെ വിട്ടയച്ചു. നിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരും ചോദ്യം ചെയ്യലിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.