ഷെയ്ൻ നിഗം

നേരത്തെ പറഞ്ഞ ഡേറ്റ് തന്നെ, മാറ്റമൊന്നുമില്ല; ഷെയ്ൻ നിഗം നായകനാകുന്ന 'ദൃഢം' മെയ് 8ന് തിയറ്ററുകളിൽ

ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. റിലീസ് അനൗൺസ്മെന്‍റുമായി ഒരു വ്യത്യസ്തമായ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. മെയ് 8നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

'കൊറോണ പേപ്പേഴ്സി'നും 'വേല'ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. ചിത്രത്തിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ഒരു ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിലുണ്ടാകും എന്ന് സിനിമയുടെ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കൃത്യമായ ഉത്തരങ്ങളില്ലാതെ, ചോദ്യങ്ങൾക്ക് മുന്നിൽ പതറിപോകുന്ന, എന്നാൽ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് 'ദൃഢം' പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

ചിത്രത്തിൻ്റേതായി എത്തിയ ജീത്തു ജോസഫിൻ്റെ 'ദൃശ്യം' സ്റ്റൈൽ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമയുടെ പോസ്റ്ററും ട്രെയിലറും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Shane Nigam's Dridam to hit theaters on May 8th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.