ആഷിഖ് അബുവും ഷാരുഖ് ഖാനും ഒന്നിക്കുന്നു?; അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ

സംവിധായകൻ ആഷിഖ് അബുവും ബോളിവുഡ് നടൻ ഷാരുഖ് ഖാനും സിനിമക്കായി ഒന്നിക്കുന്നെന്ന് സൂച. ആഷിഖ് തന്നെയാണ് ഇതേക്കുറിച്ച് സിനിമാ പോർട്ടലിനോട് പ്രതികരിച്ചത്. അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.


'ഞങ്ങൾ എസ്.ആർ.കെയുമായി മീറ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിനുമുന്നിൽ ഒരു സബ്ജക്ട് അവതരിപ്പിച്ചിരുന്നു. ഷാരൂഖ് അതിൽ തൃപ്തനാണ്. പക്ഷേ, എപ്പോഴാണിത് തുടങ്ങുക എന്ന് പറയാനാവില്ല. കുറച്ചേറെ സമയമെടുക്കും എന്നാണ് കരുതുന്നത്. കോവിഡ് ഇപ്പോഴും സജീവമായതും പ്രശ്നമാണ്. അദ്ദേഹത്തിന്റെ ഷെഡ്യൂളുകളും ഞങ്ങളുടെ ഷെഡ്യൂളുകളും ഒത്തുവരേണ്ടതുണ്ട്. അതിന് സമയമെടുക്കും'-ആഷിഖ് പിങ്ക് വില്ലയോട് പറഞ്ഞു.


2019 ൽ, ആഷിഖ് അബു ഷാരൂഖുമായി അദ്ദേഹത്തിന്റെ വസതിയായ മന്നത്തിൽ ഒരു കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തോടൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നതെന്നും അന്ന് സൂചനകളുണ്ടായിരുന്നു. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്.


ഷാരൂഖിന്റെ വരാനിരിക്കുന്ന സിനിമ പഠാൻ ആണ്. ജോൺ എബ്രഹാമും ദീപിക പദുക്കോണും പഠാനിൽ അഭിനയിക്കുന്നുണ്ട്. തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ അടുത്ത ചിത്രത്തിലും ഷാരൂഖ് പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. നയൻതാരയും അഭിനയിക്കുമെന്നുകരുതുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ശനിയാഴ്ചയാണ് ജോൺ എബ്രഹാമിനും ദീപിക പദുക്കോണിനുമൊപ്പം ഷാരൂഖ് ഖാൻ സ്പെയിനിൽ പഠാൻ ചിത്രീകരണത്തിനായി രാജ്യം വിട്ടത്.

Tags:    
News Summary - Shah Rukh Khan to work with Aashiq Abu on a thriller? Naaradan director drops hints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.