രേവതി

പക്ഷപാതമില്ലാതെ സ്ത്രീ ശബ്ദങ്ങൾ കേൾക്കാൻ കഴിയട്ടെ; 'അമ്മ' ഭാരവാഹികൾക്ക് ആശംസയുമായി രേവതി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹികൾക്ക് ആശംസയുമായി നടിയും സംവിധായികയുമായ രേവതി. ശക്തമായ ഒരു ടീം രൂപീകരിക്കാനും പക്ഷപാതമില്ലാതെ സ്ത്രീകളുടെ ശബ്ദങ്ങൾ കേൾക്കാനും എല്ലാവർക്കും കഴിയട്ടെ എന്ന് രേവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. സിനിമ വ്യവസായത്തെ ലിംഗസമത്വവും പ്രൊഫഷണൽ മര്യാദകളും എല്ലാവർക്കും സുരക്ഷയും ലഭിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്നും രേവതി എഴുതി.

അതേസമയം, 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് 'അമ്മ'യുടെ അമരത്ത് വനിതകളെത്തുന്നത്. നടി ശ്വേത മേനോനാണ് പ്രസിഡന്റ്. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരായും ഉണ്ണി ശിവപാല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രേവതിയുടെ പോസ്റ്റ്

'എല്ലാ പ്രതിസന്ധികളെയും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ എന്നിവർക്ക് അഭിനന്ദനങ്ങൾ!!! അൻസിബ ഹസ്സൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, സരയു മോഹൻ എന്നിവർക്കും അഭിനന്ദനങ്ങൾ. ശക്തമായ ഒരു ടീം രൂപീകരിക്കാനും പക്ഷപാതമില്ലാതെ സ്ത്രീകളുടെ ശബ്ദങ്ങൾ കേൾക്കാനും നിങ്ങൾക്കെല്ലാവർക്കും ആശംസകൾ.

ജോയ് മാത്യു, കൈലാഷ്, ഡോ. റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, സിജോയ് വർഗീസ്, ടൈനി ടോം, വിനു മേനോൻ, ഉണ്ണി ശിവപാൽ എന്നിങ്ങനെ വിജയിച്ച മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിച്ച് നമ്മുടെ സിനിമ വ്യവസായത്തെ ലിംഗസമത്വവും പ്രൊഫഷണൽ മര്യാദകളും എല്ലാവർക്കും സുരക്ഷയും ലഭിക്കുന്ന തരത്തിൽ നാം സ്വപ്നം കാണുന്ന പാതയിലേക്ക് നയിക്കാൻ കഴിയട്ടെ' 

Tags:    
News Summary - Revathi congratulates Amma office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.