'ഫെമിനിച്ചി ഫാത്തിമ' എന്ന പേരിന് കാരണം ഇതാണ്...

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. നിരവധി ചലചിത്രമേളകളിൽ വലിയ പ്രശംസ നേടിയ ചിത്രമായി 'ഫെമിനിച്ചി ഫാത്തിമ' മാറി. നിലവിൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ അതിന് വന്ന കമന്‍റാണ് ചിത്രത്തിന്‍റെ പേരിന് കാരണമെന്ന് പറയുകയാണ് സംവിധായകൻ.

'സോഷ്യൽ മീഡിയയിൽ രണ്ട് താത്തമാർ ഡാൻസ് കളിക്കുന്ന ഒരു വിഡിയോക്ക് താഴെ വന്ന കമന്‍റ്, ഫെമിനിച്ചികൾ ഡാൻസ് കളിക്കുന്നു എന്നായിരുന്നു. അവർ ആസ്വദിച്ച് ഡാൻസ് കളിക്കുന്നു, അതിന് എന്തിനാണ് ഇവർ ഇങ്ങനെ പറയുന്നത് എന്ന ചിന്തയിൽ നിന്നാണ് ആ പേര് വന്നത്. എന്തിനാണ് ഒരാളെ ഫെമിനിച്ചി എന്ന് വിളുക്കുന്നത് എന്ന ചോദ്യം അവിടെയുണ്ട്. സ്വന്തമായി കാര്യങ്ങൾ ചെയ്യുമ്പോൾ കളിയാക്കി പറയുന്ന പേരാണെല്ലോ ഫെമിനിച്ചി എന്ന്. പക്ഷെ ഞാൻ അതിനെ പോസിറ്റീവായാണ് എടുത്തത്. അവിടെ നിന്നാണ് സിനിമയുടെ പേര് ഉണ്ടായത്' -ഫാസിൽ മുഹമ്മദ് പറഞ്ഞു.

എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. ഐ.എഫ്.എഫ്.കെ ഫിപ്രസി - മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് -ഐ.എഫ്.എഫ്.കെ, എഫ്.എഫ്.എസ്.ഐ കെ ആർ മോഹനൻ അവാർഡ്, ബി.ഐ.എഫ്.എഫ്-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തെരഞ്ഞെടുപ്പ്, ഫിപ്രസി ഇന്ത്യ 2024ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ് എന്നിവ ചിത്രം നേടി.

മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, അവാർഡ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തെരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.  

Tags:    
News Summary - reason for the name Feminichi Fathima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.